കലാഭവൻ മണിയുടെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിക്കപ്പെടുമ്പോൾ
കലാഭവൻ മണിയുടെ മരണവുമായി ബന്ധപെട്ടു കൂടുതൽ വിവാദങ്ങളുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. ഇപ്പോഴും ദുരൂഹത നിറഞ്ഞു നിൽക്കുന്ന മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഫോറൻസിക് റിപ്പോർട്ടിൽ സംശയം ഉണ്ടെന്നാണ് മണിയുടെ സഹോദരന്റെ പുതിയ ആരോപണം. കഴിഞ്ഞ ദിവസം പുറത്തു വിട്ട കുറിപ്പിൽ ആണ് മണിയുടെ സഹോദരൻ ഈ കാര്യം സൂചിപ്പിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്.
ചില മരണങ്ങളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളിൽ ഫോറൻസിക് റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ട്? മണി ചേട്ടന്റെ മരണകാരണം മീഥൈയ്ൽ ആൽക്കഹോൾ പോയ്‌സൺ ഉള്ളിൽ ചെന്നിട്ടാണ് എന്ന് കാക്കനാട് ഫോറൻസിക് ലാബും ഹൈദരാബാദ് ലാബും വിലയിരുത്തിയിട്ടുണ്ടായിരുന്നു.ഇതു പ്രകാരം കേസ് കോടതിയിൽ പരിഗണിച്ചപ്പോഴും കേരളത്തിലെ മെഡിക്കൽ വിഭാഗത്തോട് റിപ്പോർട്ട് ഒരിക്കൽ കൂടി കോടതി ആവശ്യപ്പെട്ടപ്പോഴും മെഡിക്കൽ ബോർഡ് സംഘങ്ങൾ കോടതിയിൽ ബോധിപ്പിച്ചത് മീഥെയിൽ ആൽക്കഹോൾ പോയ്‌സൺ ആണ് മരണകാരണം എന്നാണ്. കാക്കനാട് ലാബിന്റെ പരിശോധനാഫലത്തേക്കാൾ ഇരട്ടിയായിരുന്നു ഹൈദരാബാദ് ലാബിന്റെ പരിശോധനയിൽ കണ്ടത്.
എന്നാൽ സിബിഐ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണിപ്പോൾ. കേരളത്തിൽ നടക്കുന്ന ദുരൂഹ മരണങ്ങളുടെ നിഗമനങ്ങൾ കണ്ടെത്തുന്നത് നമ്മുടെ ഫോറൻസിക് ലാബുകളിലൂടെയാണ്. ഈ ലാബുകളുടെ പരിശോധനാഫലങ്ങളെ തള്ളുകയാണെങ്കിൽ ഈ സ്ഥാപനങ്ങൾ ഇവിടെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയുണ്ടോ? ഇനി അന്വേഷിച്ച് കണ്ടെത്തേണ്ട നിരവധി ദുരൂഹ മരണങ്ങളുടെ അടിസ്ഥാന റിപ്പോർട്ടുകൾ തരേണ്ടത് ഈ ലാബുകളാണ്. ഈ ലാബുകളുടെ നിഗമനങ്ങളെ തള്ളുമ്പോൾ അത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട കേസുകളും ഇനി വരാനിരിക്കുന്ന തീർപ്പു കല്പിക്കേണ്ടതായ കേസുകളുടെ വിശ്വാസ്യതയും എങ്ങിനെയാണ് ഉറപ്പു വരുത്തുക? ഇരകളായ കുടുംബാംഗങ്ങൾക്ക് വലിയ ആശങ്കകളാണ് ഇത് ഉണ്ടാക്കുന്നത്.
കേരളത്തെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു മണിയുടെ മരണം, സിനിമാ പ്രേമികളും മണിയുടെ ആരാധകരും ഇന്നും മണിയുടെ മരണത്തെ ഞെട്ടലോടെ കാണുന്ന പോലെ തന്നെ അതിലെ ദുരൂഹതയെ കുറിച്ചും ആശങ്കാകുലരാണ്. മരണം നടന്നു ഇത്രയും വർഷം പിന്നിടുമ്പോഴും മരണവുമായി ബന്ധപ്പെട്ട സംശയങ്ങളും, ചോദ്യങ്ങളും ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. കുറച്ചു നാൾ മുന്നേ മണിയുടെ മരണ ശേഷം തങ്ങളുടെ കുടുംബം ആകെ നശിച്ചെന്നും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്നും മണിയുടെ സഹോദരൻ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മണിയുടെ മരണമായി ബന്ധപ്പെട്ട പുതിയ സംശയങ്ങൾ മണിയുടെ കുടുംബം ഉന്നയിക്കുന്നത്.