Latest News
ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിലായി
ന്യൂഡൽഹി . കാനറ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു. മുംബയിലെ ഇ ഡി ഓഫീസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 74കാരനായ നരേഷ് ഗോയലിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
കാനറ ബാങ്ക് നൽകിയ പണം വകമാറ്റി ചെലവഴിച്ചു എന്നതാണ് നരേഷ് ഗോയൽ നേരിടുന്ന പ്രധാന ആരോപണം. മുംബയിലെ തന്നെ പിഎംഎൽഎ കോടതിയിൽ ശനിയാഴ്ച്ച ഗോയലിനെ ഹാജരാക്കും. ശേഷം റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വിടാനായി ഇ ഡി ആവശ്യപ്പെടാനിരിക്കുകയാണ്.
വ്യോമയാന രംഗത്ത് 25 വർഷമായി സജീവമായ ജെറ്റ് എയർവേസ് 1993ലാണ് നരേഷും ഭാര്യയും ചേർന്ന് ആരംഭിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളി ലൊന്നായിരുന്ന ജെറ്റ് എയർവെയ്സ് കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019-ൽ പ്രവർത്തനം അവസാനിപ്പിച്ചു. നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലും ഓഫീസുകളിലുമായി കഴിഞ്ഞ മേയ് മാസത്തിൽ സിബിഐ റെയഡ് നടത്തിയിരുന്നു. കാനറ ബാങ്ക് നൽകിയ വായ്പ അനധികൃതമായി വിനിയോഗിച്ചതിന്റെ പേരിൽ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനും ജെറ്റ് എയർവെയ്സിലെ മറ്റ് ചില മുൻ ജീവനക്കാർക്കുമെതിരെ സിബിഐ കേസെടുത്തിരുന്നതാണ്. പിന്നാലെയായിരുന്നു റെയ്ഡ് നടന്നത്.