Latest News

ജനതാദള്‍ (എസ്) ഔദ്യോഗികമായി എന്‍ഡിഎയില്‍ ചേർന്നു

Published

on

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ജനതാദള്‍ (എസ്) ഔദ്യോഗികമായി ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് പാര്‍ട്ടി ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാവുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും, എന്‍ഡിഎയിലേക്ക് പൂര്‍ണ്ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായും ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജെ.പി.നഡ്ഡ പ്രതികരിച്ചത്. ഇതിനിടെ, എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളിയിരിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് നിലവില്‍ ജെഡിഎസ് ഉള്ളത്. എന്‍ഡിഎയ്‌ക്കൊപ്പം കേരള ഘടകം പോകില്ലെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന കമ്മിറ്റി അടുത്ത മാസം വിളിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനമെടുക്കുമെന്നും മാത്യു ടി.തോമസ് അറിയിച്ചു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിറകെയാണ് ജെഡിഎസ് – ബിജെപിയുമായി അടുക്കുന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിഎസ് യെദ്യൂരപ്പയാണ് ജെഡിഎസിനെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള ചര്‍ച്ചകൾക്ക് നേതൃത്വം നൽകുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കും. സീറ്റുവിഭജനം മാത്രം ഇരുപാര്‍ട്ടികളും ഇനി ചർച്ച ചെയ്‌താൽ മതി. കര്‍ണാകയില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുകയായിരുന്നു. 25 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതം മാത്രമാണ് ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version