Latest News
ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ? മാർട്ടിന്റെ മാസപ്പടി ഓർമയില്ലേ? കെ.സുരേന്ദ്രൻ
കോട്ടയം . കേരളത്തിന്റെ ചരിത്രത്തിൽ പിണറായി സർക്കാരിനോളം നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ഒരു സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ എന്ന് മാസപ്പടി വിവാദക്കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ചോദ്യം. മാർട്ടിന്റെ മാസപ്പടി ഓർമയില്ലേ എന്നും സുരേന്ദ്രൻ ഒപ്പം ചോദിച്ചിട്ടുണ്ട്. കണ്ണൂരിൽ ഭാര്യയും മക്കളും ചേർന്ന് വാങ്ങിയ റിസോർട്ടും മാസപ്പടിയല്ലാതെ മറ്റെന്താണ്. ജയരാജന് അതു പറഞ്ഞേ മതിയാവുള്ളൂ എന്ന് കെ. സുരേന്ദ്രൻ പറയുന്നു.
ഗോവിന്ദൻ മാഷും സംസ്ഥാന സെക്രട്ടറിയേറ്റും മാസപ്പടിയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് പറഞ്ഞത്. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറയുന്നതു പോലെയാണ് അത്. റിയാസും വീണയും മുഖ്യമന്ത്രിയും ഗോവിന്ദനും ആരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഗോവിന്ദനിപ്പോള്‍ ഭജഗോവിന്ദമാണ്. പാർട്ടി സെക്രട്ടറി ഇപ്പോൾ വിജയ വിജയ എന്ന് സ്തുതിച്ച് ഭജഗോവിന്ദമാണ്. ഇങ്ങനെയൊരു പാർട്ടിയുണ്ടോ എന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.
മാസപ്പടി വിവാദത്തിൽ ശക്തമായ ഒരു നിലപാട് സ്വീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവ് എന്തൊക്കെയോ പിച്ചു പെയ്യും പറഞ്ഞ് നടക്കുവാണ്. വ്യവസായം നടത്തുന്നതിനുള്ള തടസ്സം നീക്കാനാണ് മാസപ്പടി കൊടുത്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വ്യവസായ സൗഹൃദമാക്കി കേരളത്തെ മാറ്റും എന്ന് പറയുന്ന പിണറായി വിജയൻ തന്നെയാണ് പണം ആദ്യം വാങ്ങിയിരിക്കുന്നത്. പിണറായി വിജയന് കാശ് കൊടുത്തതും മകൾക്ക് മാസപ്പടി കൊടുത്തതും വ്യവസായം നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കാനാണ്. ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് ശക്തമായി പറയാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇവരെല്ലാം ഒരുമിച്ച് തന്നെയാണ്. അതിനാൽ ഈ രണ്ട് മുന്നണികളുടെയും പൊള്ളത്തരങ്ങൾ തുറന്നു കാട്ടിക്കൊണ്ടുള്ള പ്രചരണമായിരിക്കും പുതുപ്പള്ളിയിൽ ബിജെപി നടത്തുക എന്നും സുരേന്ദ്രൻ പറഞ്ഞു.
അഴിമതിയുടെ അപ്പോസ്തലൻമാരാണ് ഇവർ. മാസപ്പടിക്കാരുടെ സംയുക്തമുന്നണിയാണ് ഇന്ത്യ മുന്നണി എന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടി പ്രതിസന്ധിയിലായപ്പോൾ ജയിച്ചത് സിപിഎമ്മുകാരുടെ പിന്തുണയോടെയാണ്. ബിജെപി വിജയിക്കാൻ സാധ്യതയുള്ളിടത്തെല്ലാം എൽഡിഎഫും യുഡിഎഫും തമ്മില്‍ അവിശുദ്ധ സഖ്യമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഓണത്തിന് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളും ബോണസും കൊടുക്കാൻ കാലതാമസം ഉണ്ടാകും എന്നാണ് മന്ത്രി പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. കെഎസ്ആർടിസി കണ്ടക്ടർമാരുടെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണുള്ളത്. സാധാരണക്കാർക്ക് കിറ്റ് കൊടുക്കുന്ന പതിവ് കഴിഞ്ഞ ഓണക്കാലത്ത് ഉണ്ടായിരുന്നു. 87 ലക്ഷം ആളുകൾക്ക് കിറ്റ് കൊടുത്തിരുന്നു. എന്നാൽ ഈ ഓണത്തിന് അത് 7 ലക്ഷമായി ചുരുക്കി. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ചിന്തിക്കാതെയും യാതൊരു മുൻകരുതലും എടുക്കാതെയുമാണ് സർക്കാർ മുന്നോട്ട് പോകുന്നത്.