Crime
സഹകരണ ബാങ്കുകളിൽ നിന്നും നിന്നും പണം പിൻവലിക്കാൻ തുടങ്ങി നിക്ഷേപകർ
തിരുവനന്തപുരം . സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരിക്കെ, സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലും വായ്പാ ക്രമക്കേടുകളും നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി നിക്ഷേപകർ. സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിലെയും അക്കൗണ്ടുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപകർ പിൻവലിച്ചെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.
പലിശ കൂടുതൽ കിട്ടുമെന്ന് കരുതിയും കണക്ക് കാണിക്കാൻ മടിച്ചും ആണ് ഭൂരിപക്ഷം നിക്ഷേപകരും സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കാറുള്ളത്. സിപിഎമ്മിന്റെ ഭരണാധീനതയിൽ ഉള്ള സഹകരണ സംഘങ്ങളെപ്പറ്റിയാണ് തട്ടിപ്പുകൾ നടക്കുന്നതായി ആക്ഷേപങ്ങൾ ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിച്ചതോടെ നിക്ഷേപകരും ആശങ്കയിലായിരിക്കുകയാണ്.
50,000 രൂപ മുതൽ മുകളിലേക്ക് നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകർ പണം പൂർണമായും പിൻവലിക്കാൻ ശ്രമിക്കുകയാണ്. ബാങ്കിന് ധന പ്രതിസന്ധിയില്ലെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ. നിക്ഷേപകർ വൻ തോതിൽ അപ്രതീക്ഷിതമായി പണം പിൻവലിക്കാൻ തുടങ്ങിയതോടെ ബാങ്കുകൾ തീർത്തും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.