Crime
ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപ കൊള്ള, പ്രതികളുടെ 314 സ്വത്തുക്കള്‍ കണ്ടുകെട്ടും
തിരുവനന്തപുരം . ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നടന്ന 210 കോടിലധികം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളുടെ 314 സ്വത്തുക്കള്‍ ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു. ഏഴു പ്രതികളുടെയും ബിനാമികളുടെയും സ്വത്ത് കണ്ടെത്താനാണ് തീരുമാനം. സഹകരണ മേഖലയിലെ തട്ടിപ്പിൽ രാജ്യത്ത് തന്നെ ബഡ്സ് നിയമം ചുമത്തുന്ന ആദ്യ കേസാണിതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
സർവ്വീസിലുള്ളവരുടേയും വിരമിച്ചരുടേയും 210 കോടിയുടെ നിക്ഷേപങ്ങളാണ് ഭരണ സമിതി തട്ടിയെടുത്തത്. പ്രതികളുടെ സ്വത്തുകളുടെ കൈമാറ്റം മരവിപ്പിച്ചു. ഇതിന് പുറമേ ബഡ്സ് നിയമ പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകാനാണു പോകുന്നത്.
ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപ കൊള്ളയിൽ 1048 കേസുകളാണ് ഇതേവരെ രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതികളായ ഏഴു പേരുടെയും അവരുടെ ബിനാമികളുടെയും ബന്ധുക്കളുടെ സ്വത്തുക്കള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽക്കുകയായിരുന്നു. മൂല്യനിർണയം നടത്തിയ കുറ്റക്കാർക്കെതിരെ ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകും. പ്രതികളുടെ വാദങ്ങള്‍ തൃപ്തികരമല്ലെങ്കിൽ ബഡ്സ് നിയമപ്രകാരം ഭൂമി ലേലം ചെയ്ത് പണം നിക്ഷേപകർക്ക് തിരിച്ച് നൽകും.
സഹകരണ രജസ്ട്രാറുടെ പരിശോധനക്ക് ശേഷം ക്രൈം ബ്രാഞ്ച് സംഘം ഒരു ചാർട്ടേഡ് അക്കൗണ്ടിനെ നിയമിച്ച് 2007 മുതൽ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പ് പരിശോധിച്ചു വരുകയാണ്. സഹകണ മേഖലയിൽ ബഡ്സ് നിയമം ചുമത്തുന്നത് ഇത് ആദ്യമാണ്. അതിനാൽ നിയമക്കുരുക്കള്‍ ഒഴിവാക്കാനാണ് സൂക്ഷമായി ഓഡിറ്റിംഗ് നടത്തി വരുന്നത്. സംഘത്തിലേക്ക് വന്ന ലക്ഷങ്ങള്‍ രജിസ്റ്ററിൽ രേഖപ്പെടുത്താതെ നിക്ഷേപകർക്ക് വ്യാജ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു. അതിനാൽ പരാതിക്കാർ ഉന്നയിക്കുന്ന തട്ടിപ്പ് രേഖകളില്ല. രേഖകളിൽ പോലുമില്ലാത്ത പണത്തിന്റെ തട്ടിപ്പ് കോടതിയിൽ തെളിയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ പൊലീസ്.
(വാൽ കഷ്ണം : കേരളത്തിലെ സഹകരണ സംഘങ്ങളിൽ ജനത്തിനുണ്ടായിരുന്ന വിശ്വാസം തകർന്നു, നിക്ഷേപകരുടെ പണം അടിച്ച് മാറ്റി കൊഴുത്ത് തടിക്കുകയാണ് സംഘങ്ങൾ ഭരിക്കുന്നവർ)