Entertainment

‘2018’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

Published

on

കേരളത്തിന്റെ എന്നത്തേയും നടുക്കുന്ന ഓർമ്മയായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. കന്ന‍ഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയാൽ ചിത്രത്തിന് അവാർഡിന് അർഹതയുണ്ടാവും.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ താരങ്ങൾ അണി നിരന്ന സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നു. 2018: എവരിവൺ ഈസ് എ ഹീറോ എന്ന സിനിമ 2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർ‌ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്ന് നിർമ്മിച്ച ചിത്രം, 2018 ബോക്സ് ഓഫീസിൽ വൻ വിജയമായതിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. ഛെല്ലോ ഷോ (2022), കൂഴങ്കൾ (2021), ജല്ലിക്കെട്ട് (2020), ഗല്ലി ബോയ് (2019), വില്ലേജ് റോക്ക്സ്റ്റാർസ് (2018), ന്യൂട്ടൺ (2017), വിസാരണൈ (2016) എന്നിവയായിരുന്നു മുൻ വർഷങ്ങളിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രികൾ. എന്നാൽ ഇവർക്കാർക്കും ഓസ്കര്‍ ഷോർട്ട് ലിസ്റ്റിൽ ഇടംനേടാൻ കഴിഞ്ഞില്ല. മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നിവ മാത്രമാണ് അന്തിമ പട്ടികയിൽ ഇടം സ്വന്തമാക്കുന്നത്.

2023ലെ ഓസ്‌കാറിൽ രണ്ട് പുരസ്‌കാരങ്ങൾ നേടി ഇന്ത്യ ചരിത്രം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ആര്‍ആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ത്യ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ സ്വന്തമാക്കി. അക്കാദമി വേദിയിലും ഗാനം അവതരിപ്പിച്ചു. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) ക്കുള്ള പുരസ്കാരവും സ്വന്തമാക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version