Latest News

ബഹിരാകാശത്തേക്ക് ഇന്ത്യയുടെ വനിതാ റോബോട്ട് ‘വ്യോമമിത്ര’

Published

on

ന്യൂദല്‍ഹി . ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് ഇന്ത്യ വനിതാ റോബോട്ടിനെ അയക്കും. വ്യോമമിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന വനിതാ റോബോട്ടിനെയാണ് ബഹിരാകാശത്തേക്ക് അയക്കുക. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവിൽ കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചതാണ് ഈ വിവരം.

ബഹിരാകാശത്തേക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ ഉണ്ടാവും. ഇതിന്റെ തുടര്‍ച്ചയായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാണ് പദ്ധതി. കൊവിഡിനെ തുടര്‍ന്നാണ് ഗഗന്‍യാന്‍ പദ്ധതി വൈകിയത്. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ നടത്താനാണ് ആലോചിക്കുന്നത്. ബഹിരാകാശ യാത്രികരെ അയയ്‌ക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരിക എന്നതാണെന്നും മന്ത്രി മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

പരീക്ഷണ പറക്കലിന് പിന്നാലെ രണ്ടാമത്തെ ദൗത്യമായാണ് വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ കഴിയുന്ന റോബോട്ടാണ് വ്യോമമിത്ര. എല്ലാം പ്രതീക്ഷിച്ച രീതിയില്‍ നടന്നാല്‍ മുന്നോട്ടുപോകാനുള്ള കരുത്ത് ലഭിക്കും.

ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണതലം വിട്ടപ്പോള്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വിജയകരമായി ദൗത്യം പൂര്‍ത്തികരിക്കാനായി. ബഹിരാകാശ ഗവേഷണരംഗത്തേക്ക് പുതിയ വാതിലുകള്‍ തുറക്കാന്‍ പ്രധാനമന്ത്രിക്കായി. അതാണ് ഈ വിജയത്തിനു പിന്നില്‍. 2019 വരെ ശ്രീഹരിക്കോട്ടയുടെ വാതിലുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ മാധ്യമങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവിടേക്ക് ക്ഷണം ലഭിച്ചു. ഇത്തവണ ദൗത്യം ജനങ്ങളുടെ കൈകളിലായിരുന്നു, മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version