Culture
ഭാരതം ദേവസംസ്‌കൃതിയുടെ അവകാശികളാണെന്ന് ഡോ. മോഹന്‍ ഭാഗവത്
ഹരിദ്വാര്‍ . ഭാരതം ദേവസംസ്‌കൃതിയുടെ അവകാശികളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൂര്യനെയും പ്രകാശത്തെയും ആരാധിക്കുന്ന നാടാണ് ഭാരതം. ഇത് ഊര്‍ജ്ജത്തിന്റെ പ്രകാശനമാണ്. ആത്മതേജസ്സിന്റെ ആരാധനയാണ്. സൂര്യാരാധനയിലൂടെ ഗായത്രി പരിവാര്‍ മുന്നോട്ടു വെക്കുന്നതും ഈ ഊര്‍ജ്ജാരാധനയാണ്. ഭാരതീയ സാധകര്‍ പ്രപഞ്ചനന്മയ്ക്കായുള്ള വഴികള്‍ തേടുകയാണ് ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഹരിദ്വാറിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ ജി20യുമായി ബന്ധപ്പെട്ട് നടന്ന ദ്വിദിന ‘വസുധൈവ കുടുംബകം’ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഗായത്രി പരിവാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.
സര്‍വ്വര്‍ക്കും സുഖം ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് നമ്മുടേത്. അവനവന്റെ സുഖം മാത്രം ആഗ്രഹിക്കാതെ, സര്‍വ്വചരാചരങ്ങളുടെയും ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഭാരതം മുന്നോട്ടുവച്ചതാണ് വസുധൈവ കുടുംബകം എന്ന ആപ്തവാക്യം. ജി.20 സമ്മേളനങ്ങള്‍ക്ക് ഭാരതം ആതിഥ്യം വഹിക്കുന്നതോടെ ഈ ദര്‍ശനം ലോകമെമ്പാടും എത്തുമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞു.
സര്‍വകലാശാല പുറത്തിറക്കിയ യജന്‍ മൊബൈല്‍ ആപ്പിന്റെ പ്രകാശനം ചടങ്ങില്‍ ഡോ.മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു. ദേവ്‌സംസ്‌കൃതി സര്‍വകലാശാലാ വിസി ഡോ.ചിന്മയ് പാണ്ഡ്യ, മുന്‍ വിസി ശരദ് പര്‍ധി എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി സര്‍വകലാശാലാ കാമ്പസിലെ പ്രജ്ഞേശ്വര്‍ മഹാദേവന് സര്‍സംഘചാലക് അഭിഷേകം നടത്തി. കാമ്പസില്‍ ചന്ദനത്തൈ നട്ടു പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. ശൗര്യ ദീവാറില്‍ ഒരുക്കിയ ധീര സൈനികരുടെ ചിത്രങ്ങളില്‍ മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തി.