Latest News

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു, കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ

Published

on

ന്യൂഡൽഹി . ഖലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ ഇന്ത്യയിലെ കാനഡഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനാലാണ് ഈ കേന്ദ്ര നിർദേശം. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണമെന്ന് സർക്കാർ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ നൽകുന്നത് നിർത്തിവച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയുടെ പുതിയ പുതിയ നീക്കം എന്നതാണ് ശ്രദ്ധേയം.

‘കാനഡയിൽ ഇന്ത്യയ്ക്ക് ഉള്ളതിനേക്കാൾ ഏറെയാണ് ഇന്ത്യയിൽ കനേഡിയൻ നയതന്ത്ര സാന്നിധ്യം. അതിനാൽ എണ്ണം കുറക്കണം.’ – വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘നയതന്ത്രജ്ഞരുടെ എണ്ണത്തിൽ തുല്യത വേണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനെ അറിയിച്ചു. അവരുടെ എണ്ണം കാനഡയിൽ ഞങ്ങളേക്കാൾ വളരെ കൂടുതലാണ്. എണ്ണം കുറയ്ക്കാൻ അവർ തയാറാകുമെന്ന് കരുതുന്നു.’ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ആഭ്യന്തര കാര്യങ്ങളിലുള്ള കനേഡിയൻ നയതന്ത്ര ഇടപെടലും ഒരു ഘടകമാണെന്നു ബാഗ്ചി പറഞ്ഞിട്ടുണ്ട്.

‘സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയുള്ളതാണ്. ഈ പ്രസ്താവനക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ ഇതുവരെ പങ്കുവെക്കാൻ തയ്യാറായിട്ടില്ല.’ ബാഗ്ചി പറഞ്ഞു.

‘പിരിമുറുക്കം വർധിച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഞങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ നടപടിയെടുക്കുകയാണ്. തൽഫലമായി, വളരെയധികം ജാഗ്രതയോടെ, ഇന്ത്യയിലെ ജീവനക്കാരുടെ സാന്നിധ്യം താൽക്കാലികമായി ക്രമീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.’ കാനഡ ഹൈക്കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version