Latest News
ഇന്ത്യയുടെ ലക്‌ഷ്യം ഖാലിസ്ഥാനോ? അതോ കാനഡയോ? അന്വേഷണ ഏജൻസികളുടെ പ്രത്യേക യോഗം വിളിച്ച് കേന്ദ്രം
ന്യൂഡൽഹി . ഖലിസ്ഥാനി ഭീകരർക്കെതിരെ രാജ്യത്തെ അന്വേഷണ ഏജൻസികളെ കൂടുതൽ സജ്ജമാക്കാനുള്ള നീക്കവുമായി ഭാരതം. ഖലിസ്ഥാൻ ഭീകരർ തുടർച്ചയായി ഭീഷണികൾ മുഴക്കുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (ആർ ആൻഡ് എഡബ്ല്യു), ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) എന്നിവയുൾപ്പെടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും കേന്ദ്ര ഏജൻസികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ദേശീയ തലസ്ഥാനത്ത് യോഗം ഒക്ടോബർ 5, 6 തീയതികളിൽ നടക്കും. ഖാലിസ്ഥാൻ തീവ്രവാദികളെ നേരിടാനുള്ള പദ്ധതിയുമായി എൻഐഎ, ഐബി, സംസ്ഥാന എടിഎസ് ടീമുകൾ കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ഖലിസ്ഥാനി ഭീകരർക്കെതിരെ ഇന്ത്യൻ ഏജൻസികൾ കൂടുതൽ സജ്ജമാകുമെന്നും റിപ്പോർട്ടുണ്ട്.
ഖലിസ്ഥാനി ഭീകരനെ കൊലയിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ തന്റെ സർക്കാർ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ എൻഐഎ, ഐബി, റോ മേധാവികളും രാജ്യത്തുടനീളമുള്ള എടിഎസ് മേധാവികളും പങ്കെടുക്കും.
തീവ്രവാദ പ്രവർത്തകരെ നേരിടാനുള്ള സംയുകത നീക്കം പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഡൽഹി എൻസിആർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.