Latest News
രാജസ്ഥാനിൽ വനവാസിയായ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു, ഗ്രാമത്തിലൂടെ നടത്തി
ജയ്പൂർ . രാജസ്ഥാനിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ വനവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്നാണ് യുവതിയെ മർദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തിരിക്കുന്നത്. പ്രതാപ്ഗ്രാഹ് ജില്ലയിൽ കഴിഞ്ഞ തിങ്കാളാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. യുവതിയ്‌ക്ക് അയൽക്കാരനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭർതൃവീട്ടുകാർ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തിരിക്കുന്നത്.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ രംഗത്തെത്തി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാമതായി മാറിയിരിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം അശോക് ഗെഹ്‌ലോട്ട് സർക്കാരിനാണെന്നും വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കരുതെന്നും വസുന്ധര രാജെ അഭ്യാർത്ഥിച്ചിട്ടുണ്ട്.