Latest News
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി
തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ. കൈയ്യേറ്റങ്ങളിൽ ഭൂരിഭാഗവും ഇടത് നേതാക്കളുടെയും ബിനാമികളുടെയും ബന്ധുക്കളുടേതുമാണെന്ന സാഹചര്യത്തിലാണിത്.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം വരുന്നതിൽ എതിർപ്പില്ലെന്ന് പ്രതികരിച്ചിരിക്കുന്ന എം എം മണി എം എൽ എ, കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ഏത് ദൗത്യസംഘമായാലും ചെറുക്കുകയും തുരത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ‘അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ പരിശോധിക്കട്ടെ. അതിന് തടസം നിൽക്കില്ല. എന്നാൽ കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ഏത് ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യും’ എം എം മണി പറഞ്ഞു.
‘നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട’ എന്ന മുന്നറിയിപ്പും, ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എത്താനിരിക്കുന്ന പ്രത്യേക ദൗത്യസംഘത്തിനു മുൻ മന്ത്രി കൂടിയായ എം എം മണി നൽകിയിരിക്കുന്നു. ജില്ലാ കളക്ടർക്ക് പുറമെ സബ് കളക്ടറും ആർ ഡി ഒയും ഉൾപ്പെട്ടതാണ് ദൗത്യസംഘം.
കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ടീമിനെ നിയോഗിക്കുന്നതുമായി സംബന്ധിച്ച് ഹെെക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നതാണ്. ഇതനുസരിച്ചാണ് സർക്കാർ ഉത്തരവിറക്കുന്നത്. ദൗത്യസംഘത്തിന്റെ പ്രതിവാര പുരോഗതി ജോയിന്റ് കമ്മിഷണര്‍ വിലയിരുത്തണമെന്നും, കെെയേറ്റം ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണമെന്നും, വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു.