Culture
മാതാവിനോട് ഞാൻ പ്രാർത്ഥിച്ചു, മകൻ അനിലിനെ എകെ ആന്റണി സ്വീകരിച്ചു – എലിസബത്ത് ആന്റണി
കൃപാസനത്തിൽ മാതാവിനോടുള്ള പ്രാർത്ഥനയിലൂടെ ബിജെപിയിലേക്ക് പ്രവേശിച്ച മകൻ അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് അനുഭവ സാക്ഷ്യം പറഞ്ഞു എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. മകൻ അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനത്തെ അനുകൂലിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് എ. കെ ആൻ്റണിയുടെ ഭാര്യ എലിസബത്ത്. ബിജെപിയോട് തന്റെ ഉള്ളിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഇപ്പോഴില്ലെന്നും അവർ പറയുന്നു. കൃപാസനത്തിലെ തന്റെ പ്രാർത്ഥനയോടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി പറയുന്നു. പ്രാർത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടുണ്ട്.
എലിസബത്ത് ആന്റണിയുടെ അനുഭവ സാക്ഷ്യ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിൽ മാതാവിനോടുള്ള പ്രാർത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി കിട്ടിയത്. കൃപാസനത്തിലെ വൈദികനാണ് ബി ജെ പി പ്രവേശനത്തിന് അനുമതി നൽകിയത്. ഇതുവരെ ബി ജെ പിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറി – എലിസബത്ത് പറഞ്ഞു.
എ കെ ആൻറണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസം തിരികെ ലഭിച്ചതും മാതാവിൽ അർപ്പിച്ചുള്ള പ്രാത്ഥനയിലൂടെയാണ്. ബിജെപിയിൽ മകന് നിരവധി അവസരങ്ങൾ ലഭിക്കും എന്നും എലിസബത്ത് ആന്റണിയുടെ പറയുന്നുണ്ട്.
‘ചിന്തൻ ശിബിരിൽ മക്കൾ രാഷ്ട്രീയത്തിനെതിരായി പ്രമേയം പാസാക്കി. അതിനർത്ഥം തന്റെ രണ്ട് മക്കൾക്കും അവർ എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകില്ല എന്നാണ്. ഭർത്താവ് മക്കൾക്ക് വേണ്ടി ഒന്നും ചെയ്യില്ല. അങ്ങനെയാണ് രണ്ടാമതും നിയോഗം വെക്കുന്നത്. അതിനു ശേഷം ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങൾ പോയത്. പിന്നാലെ ബിബിസി വിവാദം ഉണ്ടായി. സോഷ്യൽമീഡിയ വഴി ഒരുപാട് പ്രശ്നങ്ങളുണ്ടായി’ എലിസബത്ത് ആന്റണി പറയുന്നു.
മാതാവിനോട് എല്ലാം കൈവിട്ടു പോയോ എന്ന് പ്രാർത്ഥിച്ചു. മകന്റെ ഏറ്റവും വലിയ സ്വപ്നമാണ് രാഷ്ട്രീയത്തിലേക്ക് എത്തുക എന്നത്. മകന് 39 വയസ്സായി. ഇത്രയും വിദ്യാഭ്യാസം ഉള്ള മകന് അവന്റെ ആഗ്രഹം സാധിക്കുന്നില്ല. അമ്മയോട് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് ബിജെപിയിൽ ചേരാനാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ച് ആവശ്യപ്പെട്ടെന്ന് മകൻ പറഞ്ഞത്. ബിജെപിയിൽ ചേർന്നാൽ ഒരുപാട് അവസരങ്ങളുണ്ടാകുമെന്നും പറഞ്ഞു, എലിസബത്ത് ആന്റണി പറഞ്ഞു.
‘എന്റെ ഭര്‍ത്താവ് അവിശ്വാസിയാണ്. അത് പരിഹരിച്ച് ഭര്‍ത്താവിന്റെ കാലിന് സ്വാധീനം കൊടുക്കണം. അദ്ദേഹം രാഷ്‌ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും ഈ പതിനഞ്ചാം തീയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിച്ചു. പിന്നീട് ആത്മവിശ്വാസം തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. 15 ാം തിയ്യതി ഹൈദരാബാദിലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തനിയെ യാത്ര ചെയ്ത് പോയി തിരിച്ചെത്തി’ എലിസബത്ത് ആന്റണി പറഞ്ഞു.
‘കോൺഗ്രസ് പാർട്ടിയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതും ജീവിക്കുന്നതും. അപ്പോൾ ബിജെപിയിൽ പോകുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. അമ്മയോട് ആലോചന ചോദിക്കാനായി വീണ്ടും കൃപാസനത്തിൽ വന്നു. താൻ നൽകിയ തുണ്ട് ജോസഫ് അച്ചൻ അമ്മയുടെ കാൽക്കീഴിൽ വെച്ച് പ്രാർത്ഥിച്ച ശേഷം പറഞ്ഞു. മകൻ തിരിച്ചു വരാൻ പ്രാർത്ഥിക്കേണ്ടെന്ന്. ബിജെപിയിൽ മകന് നല്ലൊരു ഭാവി അമ്മ കാണിച്ചു തരും. ഉടനേ തന്നെ തന്റെ മനസ്സ് അമ്മ മാറ്റി തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓൺ ദി സ്പോട്ടിൽ മാറ്റി തനിക്ക് വേറൊരു ഹൃദയം തന്നു’ എലിസബത്ത് ആന്റണി പറഞ്ഞു.
രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. അവന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്‌ട്രീയത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നതാണ്. പക്ഷേ രാഷ്‌ട്രീയ പ്രവേശനം തടസം മാറ്റാനാണ് ഞാന്‍ രണ്ടാമത്തെ നിയോഗം വെച്ചത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍, ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്‌ട്രീയത്തിന് എതിരായി പ്രമേയം പാസാക്കിയതോടെ, രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്‌ട്രീയ പ്രവേശനം നടത്താനാകില്ലെന്ന് മനസ്സിലായി – എലിസബത്ത് ആന്റണി പറഞ്ഞു.
മകൻ ബിജെപിയിലേക്ക് പോയത് ഭർത്താവിന് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ അദ്ദേഹം അത് തരണം ചെയ്തു. മകൻ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ പൊട്ടിത്തെറിയുണ്ടാകുമോ എന്ന് ഭയപ്പെട്ടു. അമ്മ എല്ലാവരുടേയും മനസ്സ് ശാന്തമാക്കി. വീട്ടിലേക്ക് വരുന്നതിൽ താൻ എതിരല്ലെന്നും പക്ഷേ, രാഷ്ട്രീയം മാത്രം സംസാരിക്കരുതെന്നുമാണ് അദ്ദേഹം മകനോട് പറഞ്ഞത് – എലിസബത്ത് ആന്റണി പറഞ്ഞു.