Crime
രാജ്യത്തിന് തന്നെ വേദനയായി ഹുമയൂൺ ഭട്ടിന്റെ വീഡിയോ കോളിലെ അവസാന വാക്കുകൾ
അനന്ത്നാഗിൽ നടന്ന ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ വീഡിയോ കോളിലെ അവസാന വാക്കുകൾ രാജ്യത്തിന് തന്നെ വേദനയാണ് നൽകുന്നത്. ഭീകര ആക്രമണത്തിൽ തനിക്കു പരിക്കേറ്റിട്ടുണ്ടെന്നും, അതിജീവിക്കാൻ സാധ്യതയില്ലെന്നും ഹുമയൂൺ മരിക്കുന്നതിന് തൊട്ടു മുൻപ് ഭാര്യ ഫാത്തിമയ്ക്ക് ചെയ്ത വീഡിയോ കോളിൽ പറഞ്ഞിരിക്കുന്നു. മരണത്തിന് കീഴടങ്ങുകയാണെങ്കിൽ കുഞ്ഞിനെ നന്നായി വളർത്തണമെന്നാണ് ഹുമയൂൺ അവസാനമായി ഭാര്യയോട് പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാർഷികത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ഹുമയൂൺ കൊല്ലപ്പെടുന്നത്.
അവസാനമായി വീട്ടിലേക്ക് വിളിക്കുന്നതിന് മുൻപേ ഹുമയൂണിന് ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽ ഇ ടി ) ഓഫ് ഷൂട്ടായ ടി ആർ എഫിന്റെ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരും നടത്തിയ വെടിവെയ്പ്പിൽ പരിക്കേൽക്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് പിതാവായ വിരമിച്ച ഐജി ഗുലാം ഹസൻ ഭട്ടിനെയും ഹുമയൂൺ വിളിക്കുകയുണ്ടായി.
ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയ മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡിഎസ്പി ഹുമയൂൺ ഭട്ട്. അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബറ്റാലിയൻ കമാൻഡിംഗ് ആർമി കേണലും ഒരു മേജറും ആണ് കൊല്ലപ്പെടുന്നത്. നിരോധിത ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.