Latest News
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസമായി ഹെെക്കോടതിയുടെ സ്റ്റേ
കൊച്ചി . നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടനെതിരെ നടപടികൾ ഉണ്ടാകുമെന്നിരിക്കെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു. ആറ് മാസത്തേയ്ക്കാണ് ഈ സ്റ്റേ. മഹാനടന് ഇത് ആശ്വാസം നൽകും. മോഹൻലാൽ അടക്കമുള്ളവരോട് കേസിൽ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്‌കോടതി നിർദേശിച്ചിരിക്കുമ്പോഴാണ് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടികൾ സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
മോഹൻ ലാലിന്റെ രക്ഷക്കായി സർക്കാർ ഇതിനിടെ എത്തിയിരുന്നതാണ്. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടായത്. തുടർന്ന് നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ളവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിക്കുകയാണ് ഉണ്ടായത്. ഇത് കേസിൽ പ്രതിയായ മോഹൻലാലിനെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്ന സാഹചര്യം ആണ് ഉണ്ടാക്കിയിരുന്നത്. കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ വാദി ഭാഗം നിരത്തിയ തെളിവുകൾ ഒന്നടങ്കം നടന് എതിരായിട്ടാണ് ഉള്ളത്.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തുടർനടപടികളാണ് ഹെെക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയിരിക്കുന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്. 2011ലാണ് എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തുന്നത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്ന് സർക്കാരും മോഹൻലാലും കോടതിയിൽ വാദിച്ച്, നിലവിൽ ഒരു സാധാരക്കാരനായിരുന്നെങ്കിൽ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ട ശിക്ഷകളിൽ നിന്ന് മഹാനടനെ രക്ഷിക്കാനാണ് ഇതുവരെ ശ്രമം നടത്തി വന്നിരുന്നത്.
വാൽ കഷ്ണം : ജനങ്ങൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്, മോഹൻലാന്, അതല്ലെങ്കിൽ ലാലിന്റെ കൊമ്പിന് മാത്രമെന്താ കൊമ്പുണ്ടോ?പാവപെട്ട ഒരുത്തന്റെ കൈയ്യിൽ, അല്ലെങ്കിൽ വീട്ടിൽ നിന്നാണ് ഈ കൊമ്പുകൾ കണ്ടെത്തുന്നതെങ്കിൽ, വൈൽഡ് ലൈഫ് ആക്ടിന്റെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഏതൊക്കെ സെക്ഷനുകൾ ഉൾപ്പെടുത്തി കേസെടുക്കുമായിരുന്നു? അവൻ ജാമ്യം പോലും ഇല്ലാതെ അഴിക്കുള്ളിൽ കിടക്കുമായിരുന്നു. സർക്കാർ കേസ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത് പോലും നിയമലംഘനമാണ്. പണം ഉള്ളവനും അധികാരം ഉള്ളവനും മാത്രമായുള്ളതല്ല കോടതികളെന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞത് ഇവിടെ ഓർമ്മപ്പെടുത്തുകയാണ്.