Latest News
മനസ്സു കുളിര്‍ക്കുന്ന വാര്‍ത്ത ; മുസ്ലീംങ്ങള്‍ക്ക് സഹായ ഹസ്തവുമായി സിഖുകാർ
ഉത്തര്‍പ്രദേശില്‍ നിന്നാണ് മനസ്സു കുളിര്‍ക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപത്തിലകപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സഹായ ഹസ്തവുമായെത്താന്‍ മനസ്സുകാണിച്ച സിഖ് മതസ്ഥര്‍ക്ക് തങ്ങളെ പിന്തുണച്ചതിനുള്ള നന്ദിസൂചകമായി പത്തുവര്‍ഷത്തോളം തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസ്‍ലിംകള്‍. ഡല്‍ഹിയില്‍ ആക്രമണത്തിന് ഇരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തതിനാണ് ഈ പ്രത്യുപകാരം. പടിഞ്ഞാറന്‍ യുപിയിലെ സഹാറന്‍പൂരിലാണ് സംഭവമെന്ന് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലും വലിയ പ്രതികരണമാണ് ഈ വാര്‍ത്തയ്ക്ക്.
പത്തുവർഷം മുമ്പ് സിഖ് ആരാധനാലയമായ ഗുരുദ്വാര വികസനത്തിനായി സിഖുകാർ വാങ്ങിയ ഭൂമിയിൽ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്ന് കാണിച്ചാണ് മുസ്‍ലിം സമുദായാംഗങ്ങള്‍ അവകാശവാദമുന്നയിച്ചിരുന്നത്. കേസ് സുപ്രീം കോടതിയിലെത്തിയതിനു പിന്നാലെ മുസ്ലിംകൾ ഭൂമി വിട്ടുനൽകി. പകരമായി മറ്റൊരിടത്ത് ഭൂമി നൽകാൻ സിഖ് സമുദായവും സന്നദ്ധരായി. എന്നാൽ, വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമത്തിന് ഇരയായവ നൂറുകണക്കിന് മുസ്ലീം സഹോദരങ്ങള്‍ക്ക് സിഖ് സമുദായം നൽകിയ പിന്തുണക്കുള്ള നന്ദിയായി ഈ പകരം ഭൂമി വേണ്ടെന്നു വെച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസ്‍ലിംകള് എന്നാണ് റിപ്പോര്‍ട്ട്‍. സിഖ് സമുദായം നൽകാമെന്നേറ്റ ഭൂമി സഹാറൻപൂർ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ഡൽഹിയിൽ അവർ ചെയ്തത് ‘ദൈവത്തിന്റെ ജോലി’യാണെന്നും സുപ്രീം കോടതിയിൽ മുസ്ലീംങ്ങള്‍ക്ക് വേണ്ടി കേസ് വാദിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.
സിഖുകാർ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നാണ് മുസ്‍ലിം ഹര്‍ജിക്കാരന്‍ മുഹറം അലിയെ ഉദ്ധരിച്ച് ഒരു ദേശീയ ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആവശ്യക്കാരെ സഹായിക്കുക എന്നത് അവരുടെ സവിശേഷതയാണെന്നും പറയുന്നു. ‘ഡൽഹിയിലെ വർഗീയ അക്രമത്തിന് ഇരയായ ജനങ്ങളെ അവർ സഹായിച്ചു. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.’ – മുഹറം അലി പറഞ്ഞു. ഗുരുദ്വാരക്കു വേണ്ടിയുള്ള കർസേവയിൽ മുസ്‍ലിംകള്‍ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും ഗുരുദ്വാരയിൽ നിന്ന് അകലെയുള്ള ഭൂമിയിൽ അവര്‍ പള്ളിനിർമിക്കുകയാണെങ്കിൽ സഹായവുമായി സിഖ് സമുദായം കൂടെയുണ്ടാകുമെന്നും സിഖ് പ്രതിനിധി സണ്ണി പറഞ്ഞു.
നിരവധി കലാപങ്ങള്‍ക്ക് സാക്ഷികളും ഇരകളുമായിട്ടുള്ളവരാണ് ഉത്തര്‍പ്രദേശിലെ മുസ്ലീംങ്ങള്‍ എന്നതുകൊണ്ട് തന്നെ കലാപഭൂമിയിലെ കൈതാങ്ങിന്റെ വില നേരിട്ടറിയുന്നവരാണിവര്‍ എന്ന പ്രത്യേകത കൂടിയുണ്ട്. അതോടൊപ്പം 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ദില്ലിയിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അതിഭീകരമായ ആക്രമണങ്ങള്‍ക്ക് ഇരയായവരാണ് സിഖുകാര്‍ എന്നതും പ്രത്യേകതയാണ്. അന്ന് മൂന്നു ദിവസങ്ങളിലായി നടന്ന സിഖ് വിരുദ്ധകലാപത്തില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത് മൂവായിരത്തിലധികം നിരപരാധികളായ സിഖ് വംശജരെയായിരുന്നു. ഇതും കലാപഭൂമിയിലെ ഇരകളെ സംരക്ഷിക്കുന്നതിന് സിഖുകാര്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ടാകാമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.