Latest News
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്, 5 മണിവരെ 71.68 ശതമാനം
കോട്ടയം . രാഷ്ട്രീയ കേരളം ആകാഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് അവസാനിച്ചു. 71.68 ശതമാനം പോളിംഗാണ് വൈകുന്നേരം അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവരുടെ നീണ്ട ക്യൂവാണ് വിവിധ ബൂത്തുകളിലും ഉണ്ടായിരുന്നത്. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്.
ഇതിനിടെ പോളിങ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തി. പോളിങ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടുണ്ട്. ചിലയിടങ്ങളിൽ മഴ പെയ്തെങ്കിലും പോളിംഗിനെ അത് കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്നാണ് മുന്നണികൾ കരുതുന്നത്.
2021-ൽ 74.84 ശതമാനമായിരുന്നു പോളിംഗ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 182 ബൂത്തുകളിലായി 957 പുതിയ വോട്ടർമാരാണുള്ളത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.