Crime

വയറ്റിൽ കത്രിക വെച്ച് തുന്നികെട്ടിയ ഡോക്ടർമാരെ രക്ഷിക്കുന്നു, ഹർഷിന വീണ്ടും സമരത്തിലേക്ക്

Published

on

കോഴിക്കോട് . പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വെച്ച് തുന്നികെട്ടിയ സംഭവത്തിന്റെ ഇര ഹർഷിന വീണ്ടും സമരത്തിലേക്ക്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ മാസം13-ന് നിയമസഭയ്‌ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും. സംഭവത്തിൽ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. ‌‌‌സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന പറഞ്ഞിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2017 നവംബർ 30-നാണ് ഹർഷിന പ്രസവ ശസ്ത്രക്രിയയ്‌ക്ക് വിധേയമാവുന്നത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണോ കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് ആഭ്യന്തര അന്വേഷണ സമിതിയെ വിശദ അന്വേഷണത്തിന് നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും അത് എങ്ങുമെത്തിയില്ല. ഇതോടെയാണ് ഹർഷീന സമരവുമായി മെഡിക്കൽ കോളേജിന് മുന്നിൽ എത്തിയത്.

ശാസ്ത്രക്രിയക്കിടെ തന്റെ വയറ്റിൽ കത്രിക കുടുങ്ങിയ വിവരം 2022 സെപ്റ്റംബർ 17-നാണ് ഹർഷിന അറിയുന്നത്. നാളുകളായി അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ഇതായിരുന്നുവെന്നും യുവതി തിരിച്ചറിയുകയായിരുന്നു. അതിൽ പിന്നെ നിരവധി തവണ പരാതി സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തു. ഏഴു ദിവസത്തോളം നീണ്ട സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ഇടപെട്ട് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും അതും വെള്ളത്തിൽ വരച്ച വരപോലെയായി. ഇപ്പോഴും ഹർഷിനയ്‌ക്ക് നീതി ലഭ്യമായിട്ടില്ല.

(വാൽ കഷ്ണം : ഹർഷിനയോട് നീതി കാട്ടാനാവാത്ത സംസ്ഥാന ആരോഗ്യ വകുപ്പിന് എത്ര ലോകോത്തര അംഗീകാരങ്ങൾ നേടിയാലും അതെല്ലാം വെറുതെയാണ്. ആരോഗ്യ മന്ത്രി പോലും ഹർഷിനയെ പറഞ്ഞു പറ്റിക്കുകയായിരുന്നു. എന്ത് ചെറ്റത്തരം കാണിക്കുന്ന ഡോക്ടർമാരെയും സംരക്ഷിക്കലാണ് ഇവരുടെ ഒക്കെ പ്രധാന ജോലി. ജനം അവർക്ക് കഴുതകളാണ്, മരക്കഴുതകൾ)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version