Latest News

ഹർദീപ് സിംഗ് നിജ്ജറിനു നേരെ പാഞ്ഞത് 50 ബുള്ളറ്റുകൾ, 34 ബുള്ളറ്റുകൾ നിജ്ജറിന്റെ ശരീരത്തിൽ തുളച്ചുകയറി

Published

on

വാഷിംഗ്ടൺ . ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടു. കൊലപാതക ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

രണ്ട് വാഹനങ്ങളിലായി എത്തിയ ആറ് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരക്ക് സമീപത്ത് വെച്ചായിരുന്നു 46-കാരനായ നിജ്ജറിന്റെ കൊല നടക്കുന്നത്. ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് പുറത്തേക്ക് പോവുകയായിരുന്ന നിജ്ജറിന്റെ ട്രക്കിന് കുറുകെ കൊലയാളി സംഘമെത്തിയ കാറുകളിലൊന്ന് നിർത്തി എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

കാറിൽ നിന്ന് രണ്ട് പേർ പുറത്തിറങ്ങി നിജ്ജറിന് നേരെ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. നിജ്ജർ ഇരുന്ന ഡ്രൈവിംഗ് സീറ്റിന് നേരെ 50 ബുള്ളറ്റുകൾ പായിച്ചതായാണ് വിവരം. വെടിയുണ്ടകളിൽ 34 എണ്ണം നിജ്ജറിന്റെ ശരീരത്തിൽ തുളച്ചുകയറി. കൊലയാളികൾ സംഭവസ്ഥലത്ത് നിന്ന് ഓടിമാറി മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാളായ ദുപീന്ദർജിത്ത് സിംഗ് വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഖാലിസ്ഥാനി നേതാവ് മരിച്ചിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം, നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ കാന‌ഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ഒട്ടാവയിലെ ഹൈക്കമ്മിഷനും ടൊറന്റൊയിലെ കോൺസുലേറ്റിനും മുന്നിലായിരുന്നു പ്രകോപനപരമായ പ്രതിഷേധം നടന്നത്. ഖാലിസ്ഥാൻ പതാകകളുമായാണ് അവർ എത്തിയിരുന്നത്. ടൊറൊന്റൊയിൽ പ്രതിഷേധക്കാർ ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുകയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിയുകയും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version