Crime

മുതിർന്ന ഡോക്ടർ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്ന് വനിത ഡോക്ടർ

Published

on

കൊച്ചി. എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പീഡന പരാതി പുറത്ത് വിട്ട് വനിത ഡോക്ടർ. ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് വനിത ഡോക്ടർ ആരോപിച്ചിരിക്കുന്നത്. വനിത ഡോക്ടർ ഫേസ്ബുക്കിലാണ് ദുരനുഭവം പങ്കുവെച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

2019​ ഫെബ്രുവരിയിലാണ് സംഭവം നടന്നിരിക്കുന്നത്. വനിത ഡോക്ടർ ആ സമയത്ത് ഹൗസ്‍സർജൻസി ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. അന്ന് വൈകിട്ട് ഏഴുമണിയോടെ വനിത ഡോക്ടറെ തന്റെ ക്വാർട്ടേഴ്സിനു സമീപത്തെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ബലമായി ശരീരത്തിൽ സ്പർശിക്കുകയും മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഇതുസംബന്ധിച്ച് അടുത്ത ദിവസം തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.

ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാൽ, ഡോക്ടറുടെ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ലെന്നും വനിതാ ഡോക്ടർ പറയുന്നു. 2023ൽ പരാതിയിൽ പറയുന്ന ഡോക്ടർ ജനറൽ ആശുപത്രിയിൽ നിന്ന് ട്രാൻസ്ഫറായി പോവുകയും അയാൾക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പോവുന്നു എന്ന സാഹചര്യത്തിലാണ് വീണ്ടും വനിത ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരിക്കുന്നത്. പരാതിയിൽ പറയുന്ന മുതിർന്ന ഡോക്ടർ ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിലാണ് ​ജോലിചെയ്യുന്നത്.

ഇതിനിടെ, ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം സംഭവം ഗൗരവമായി അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version