Crime
ഹൈക്കോടതി ജാമ്യം കൊടുത്ത ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി
മാവേലിക്കര . കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര സബ് ജയിലില്‍ രാത്രിയോടെ അഭിഭാഷകരോടൊപ്പം ബന്ധുക്കൾ ഗ്രീഷ്മയെ കൂട്ടി കൊണ്ട് പോകാൻ എത്തുകയായിരുന്നു. അഭിഭാഷകരായ സുനീഷ്, ചന്ദ്രലേഖ ബന്ധുവായ അമ്മാവന്‍ എന്നിവരാണ് ഗ്രീഷ്മയെ കൊണ്ടുപോകാന്‍ എത്തിയിരുന്നത്.
കുറ്റബോധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനം മാത്രമായിരുന്നു ഗ്രീഷ്മയുടെ മറുപടി. കോടതി തീരുമാനിക്കട്ടെ എന്നും തനിക്കൊന്നും പറയാനില്ലെന്നും ഗ്രീഷ്മ പറഞ്ഞു കൊണ്ട് കാറില്‍ കയറി. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കേസില്‍ ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്ന് നേരത്തെ മാവേലിക്കര ജയിലിലേക്ക് മാറ്റിയിരുന്നു.
സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാല്‍ ഒരാള്‍ക്ക് അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്നായിരുന്നു ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞിരുന്നത്. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. കുറ്റപത്രം നല്‍കിയിട്ടും ജാമ്യം നിഷേധിക്കണമെങ്കില്‍ മതിയായ കാരണം ഉണ്ടാവണമെന്നും കോടതി പറയുകയുണ്ടായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ഗ്രീഷ്മക്ക് ജാമ്യം നൽകിയത്. ഗ്രീഷ്മ ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുന്‍ കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി ഗ്രീഷ്മ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. കുറ്റകൃത്യത്തിന് സഹായിക്കുകയും, തെളിവ് നശിപ്പിക്കുകയും ചെയ്ത ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്മ്യം ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്‌നാട്ടിലാണെന്നും പറഞ്ഞു ഗ്രീഷ്മ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.