Entertainment
ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞേനെ, നക്ഷത്രങ്ങളെ നോക്കി അത് ചേച്ചിയാണെന്നു സങ്കൽപ്പിക്കും
ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ്സ് ഡയലോഗ് കൊണ്ടും മലയാള സിനിമക്ക് പുതിയ മുഖം നൽകിയ ആളാണ് സുരേഷ് ഗോപി. ’90 – കളിൽ മുതൽ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾക്കെല്ലാം തികഞ്ഞ സ്വീകാര്യതയായിരുന്നു. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ കയ്യൊപ്പുചാർത്താൻ മറന്നില്ല. സിനിമക്കൊപ്പം ബി ജെ പി യോടൊപ്പം ചേർന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സുരേഷ് ഗോപിയുടേതായി എടുത്ത് പറയേണ്ട മറ്റൊന്ന്.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയാണ് ഗോകുലിന്റെ ഏറ്റവും ഒടുവിലത്തെ തിയേറ്റർ റിലീസ് ചിത്രം. മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിൽ സിനിമ വിശേഷങ്ങൾ മാത്രം പറയാറുള്ള ഗോകുൽ ഏറ്റവുമൊടുവിൽ കുടുംബത്തെ കുറിച്ചും വാചാലനാവുകയുണ്ടായി. അതിൽ മരിച്ചു പോയ സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
‘ലക്ഷ്മി ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞട്ടുണ്ടായേനെ. ചേച്ചി ജീവിച്ചിരിക്കുന്ന സമയത്ത് ഞാൻ ജനിക്കുന്നെ ഉള്ളൂ . ചേച്ചിയുടെ മരണ ശേഷം ഒരു ഒന്നരക്കൊല്ലം കൂടി കഴിഞ്ഞാണ് ഞാൻ ജനിച്ചത്. ഞങ്ങളുടെ ഒരു കാവൽ മാലാഖയെപ്പോലെയാണ് ചേച്ചി. എനിക്ക് എന്തെങ്കിലും വിഷമം ഒക്കെ വന്നാൽ ഞാൻ ആകാശത്തു നോക്കി രാത്രിയിൽ ഏതെങ്കിലും നക്ഷത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നോ എന്നൊക്കെ നോക്കും. എന്റെ ഒരു സങ്കൽപ്പമാണ് അങ്ങിനെയൊക്കെ. അതിൽ ഏതെങ്കിലും നക്ഷത്രത്തെ ഞാൻ എന്റെ ചേച്ചിയായി വിചാരിക്കും. എന്നിട്ട് ഞാൻ എന്തെങ്കിലുമൊക്കെ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്.
എനിക്ക് അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. ചെറുതിലെ ഒരു ഏഴാം ക്‌ളാസ് എട്ടാം ക്ലാസ് ഒക്കെ പഠിക്കുന്ന സമയത്ത് ഞാൻ കുരിശുമല കയറിയപ്പോൾ അവിടെ വച്ചും നക്ഷത്രം കണ്ടു ചേച്ചിയാണ് എന്ന് സങ്കൽപ്പിച്ചു ചോദിച്ചിട്ടുണ്ട്. അത് എനിക്ക് സാധിച്ചു കിട്ടിയിട്ടുമുണ്ട്. അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ചേച്ചിയുമായിട്ട് എനിക്ക് ആ സ്റ്റാർ കണക്ഷൻ ആണുള്ളത് കൂടുതലും. വീട്ടിൽ ചേച്ചിയുടെ ഫോട്ടോ വച്ചിട്ടുണ്ട്. അവിടേക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരും അധികം പോകുന്നത് ഒന്നും കാണാറില്ല. പക്ഷേ ഞാൻ ഇടയ്ക്ക് പോകാറുണ്ട്. പോയി ചേച്ചിയെ നോക്കിയിരിക്കും, എന്തോ കിളിപാറിയ പോലെ അവിടെ പോയി ഇരിക്കും. അച്ചാച്ചന്റെ ഫോട്ടോയും ചേച്ചിയുടെ ഫോട്ടോയും മുഖത്തോട് മുഖം നോക്കിയിരിക്കുന്നപോലെയാണ്. എന്റെ ഗ്രാൻഡ്‌ഫാദറിന് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ചേച്ചി. ചേച്ചി മരിച്ചു കഴിഞ്ഞിട്ടും എന്റെ ഗ്രാൻഡ്‌ഫാദർ എവിടെ പോയാലും ചേച്ചിയുടെ ഫോട്ടോ ഫ്രെയിം ചെയ്തത് കയ്യിൽ സൂക്ഷിക്കാറുണ്ട്’ – ഗോകുൽ സുരേഷ് പറഞ്ഞു.