Crime

കോഴിക്കോട്ട് പൊലീസിന് നേരെ വടിവാൾ വീശിയ കവര്‍ച്ചാ സംഘം പിടിയിൽ

Published

on

കോഴിക്കോട് . കവർച്ച നടത്തി പൊലീസിന് നേരെ കോഴിക്കോട് നഗരത്തിൽ വടിവാൾ വീശി ഭീതി പരത്തി ഗുണ്ടാ സംഘം. രണ്ടു സംഘങ്ങളായി പിരിഞ്ഞു നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതി തുടർന്ന് വന്നിരുന്ന ഗുണ്ടാ സംഘത്തെ പോലീസ് ഒടുവിൽ പിടികൂടി.

നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻ മുനയിൽ നിർത്തുകയായിരുന്നു ഗുണ്ടാ സംഘം.. ഒട്ടനവധി മോഷണപിടിച്ചുപറി കേസ്സുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശീ സിറാജുദ്ദീൻ തങ്ങൾ ,കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ , പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് ,വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ആനിഹാൾ റോഡിലൂടെ നടന്നുപോകുകയായിരുന്നയാളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും സംഘം കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയുണ്ടായി. കോട്ടപറമ്പിലെ ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ 2 പവൻ വരുന്ന സ്വർണമാലയും പഴ്സും കത്തിവീശി തുടർന്ന് അക്രമിച്ച് സംഘം പിടിച്ചുപറിച്ചു. പിന്നീട് മാവൂർ റോഡ് ശ്മശാനത്തിനു സമീപവും സമാനമായ രീതിയിൽ പഴ്സ് പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ബോണറ്റിൽ പ്രതികൾ വടിവാൾ കൊണ്ട് വെട്ടി. തുടർന്ന് കസബ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു പണം കവർന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പൊലീസിനുനേരെ പ്രതികൾ വടിവാൾ വീശി. പ്രതി സിറാജുദ്ദീനെ സംഭവസ്ഥലത്തു വച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് പിടൂകൂടി. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് അൻഷിദിനെ പുതിയറയിൽ വച്ച് പോലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികളെ അവരുടെ വീടുകളിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ച ചെയ്ത സ്വർണമാലയടക്കമുള്ളവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version