Crime

സോളാര്‍ ഗൂഢാലോചന, കത്തിലെ കൃത്രിമം, 21 പേജ് 25 പേജാക്കി, കേസിൽ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകാൻ കോടതി

Published

on

പത്തനംതിട്ട . സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഗണേഷ് കുമാറും പരാതിക്കാരിയും കേസ് വിളിക്കുമ്പോൾ ഹാജരായിരുന്നില്ല.

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ അടുത്ത മാസം 18-ന് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിക്ക് വീണ്ടും കോടതി സമന്‍സ് അയക്കുന്നുണ്ട്. ഹര്‍ജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിക്കുന്നത്.

പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയതെന്നും നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടി അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്സ് മുഖേന ഫയല്‍ ചെയ്തതാണ് ഈ കേസ്. കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഉൾപ്പടെ തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്യുന്നത്.

സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെ ഇടവേളക്കുശേഷം കേസ് വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ കെ.ബി. ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന് ആധാരമായ തെളിവുകൾ വാദി ഭാഗം ഹാജരാക്കിയിരുന്നു എന്നതാണ് ശ്രദ്ധേയം. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന നടന്നെന്ന പരാമര്‍ശം ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version