Latest News

ജി 20, ദല്‍ഹിയില്‍ വ്യോമ പ്രതിരോധ മിസൈലുകള്‍ വിന്യസിക്കുന്നു

Published

on

ന്യൂദല്‍ഹി . ജി 20 ഉച്ചകോടിക്ക് സമഗ്ര സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ ദല്‍ഹിയുടെ വ്യോമ പ്രതിരോധത്തി നായി വിന്യസിക്കുന്നു. മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍, ആകാശ് എയര്‍ ഡിഫന്‍സ് മിസൈല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ ആണ് ഡൽഹിയിൽ വിന്യസിക്കുന്നത്.

ആന്റി-ഡ്രോണ്‍ സംവിധാനവും ഡൽഹിയിലാകെ സ്ഥാപിക്കുകയാണ്. എന്‍എസ്ജി കമാന്‍ഡോകൾ ഉൾപ്പടെ സൈനിക ഹെലികോപ്റ്ററുകള്‍ എയര്‍ പട്രോളിംഗ് നടത്തും. അംബാല, ഗ്വാളിയോര്‍, സിര്‍സ, ആദംപൂര്‍, ഹല്‍വാര, ബറേലി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യോമതാവളങ്ങളില്‍ ഏതുനിമിഷവും സജ്ജമായിരിക്കാന്‍ സേനാംഗങ്ങള്‍ക്ക് വ്യോമ സേന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ജി 20 വേദിയായ ഭാരത് മണ്ഡപത്തിന് ചുറ്റുമുള്ള ഉയരമുള്ള കെട്ടിടങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരെയും എന്‍എസ്ജി സ്നൈപ്പര്‍മാരെയും ആണ്വി വിന്യസിക്കുന്നത്. ഭാരത് മണ്ഡപത്തിന് ചുറ്റും ദല്‍ഹി പോലീസിലെ 1,500 ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡുകള്‍, സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്ന നായകള്‍, ദ്രുത മെഡിക്കല്‍ സംഘങ്ങള്‍, ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ എന്നിവയും സുരക്ഷാസംഘത്തിന്റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്. 450 ലധികം ക്വിക്ക് റിയാക്ഷന്‍ ടീമുകളെയും പിസിആര്‍ വാനുകളെയും ദല്‍ഹി പോലീസും വിന്യസിക്കുകയാണ്.

50 ലധികം ആംബുലന്‍സുകളും അഗ്നിശമന ഉപകരണങ്ങളും അഗ്നിശമന റോബോട്ടുകളും വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു വരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ താമസിക്കുന്ന ഐടിസി മൗര്യ പോലുള്ള പ്രധാന ഹോട്ടലുകളില്‍ ആന്റി ഡ്രോണ്‍ സംവിധാനങ്ങളും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും സ്ഥാപിച്ചിട്ടുണ്ട്.

ലോകനേതാക്കള്‍ക്ക് സഞ്ചരിക്കുന്നതിനായി 20 ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ കാറുകളാണ് ഉപയോഗിക്കുന്നത്. ഓഡി, മെഴ്‌സിഡസ്, ബിഎംഡബ്ല്യു, ഹ്യുണ്ടായ് ജെനസിസ് കാറുകളും അതിഥികളുടെ യാത്രക്കായി ഉപയോഗിക്കുന്നതാണ്. ഈ കാറുകള്‍ ഓടിക്കുന്നതിനായി 450 സിആര്‍പിഎഫ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിക്കഴിഞ്ഞു.

സുരക്ഷ ക്രമീകരങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറകളും സ്ഥാപിച്ചു കഴിഞ്ഞു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധെയിൽ പെട്ടാൽ ഈ കാമറകള്‍ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കും. വിദേശികളായ അതിഥികളുടെ ബന്ധുക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ ശാസ്ത്ര സീമ ബാല്‍ കമാന്‍ഡോകളെ ആണ് വിന്യസിക്കുന്നത്. മറ്റ് കേന്ദ്ര സായുധ സേനകളായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, എന്‍എസ്ജിയുടെ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ എന്നിവരെ യാത്രാ വഴികളുടെയും വേദിയുടെയും സുരക്ഷയ്‌ക്കായി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version