Latest News
പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിൽ നാല് സുപ്രധാന ബില്ലുകൾ ചർച്ചചെയ്യും
ന്യൂഡൽഹി . പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്ത് വന്നു. സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. സമ്മേളനത്തിൽ നാല് സുപ്രധാന ബില്ലുകൾ ചർച്ചചെയ്യും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിഭാഷകരുടെ ഭേദദതി ബില്ലും, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽ ബിൽ എന്നിവയും അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബിൽ പ്രകാരം ജനങ്ങൾ തിരഞ്ഞെടുത്ത അംഗങ്ങൾ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉണ്ടാവുകയുള്ളൂ. നേരത്തെ ലോക്‌സഭ പാസാക്കി രാജ്യസഭയിൽ തീർപ്പാക്കാത്ത അസാധുവാക്കൽ ബില്ലും രാജ്യസഭ പാസാക്കുന്നുണ്ട്.
ആദ്യ ദിവസം പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രമായിരിക്കും ചർച്ച ചെയ്യുക. സ്വതന്ത്രാനന്തരമുള്ള 75 വർഷത്തെ ചരിത്രം നിരവധി അവിസ്മരണീയമായ അവസരങ്ങൾക്ക് വേദിയായിരിക്കുന്ന സാഹചര്യത്തിലാണിത്. ആ അസുലഭ മുഹൂർത്തങ്ങളുടെ അനുസ്മരണം ശ്രദ്ധേയമായ ഒരു അദ്ധ്യായമായി പാർലമെന്ററി ചരിത്രത്തിൽ എഴുതി ചേർക്കപ്പെടും. സെപ്റ്റംബർ 17-ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.