Latest News
‘ആദ്യം സ്വന്തം പ്രശ്നങ്ങൾ തീർക്കൂ, പിന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിനു നേരെ വരൂ’
ന്യൂ ഡൽഹി . ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടി നൽകി ഭാരതം. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും പാകിസ്ഥാന്‍ ആദ്യം സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്നും യുഎന്നിലെ ഭാരതത്തിന്റെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ കശ്മീര്‍ പ്രശ്നവുമായി രംഗത്ത് വന്നിരുന്നതാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. അത്തരക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിനു നേരെ വിരല്‍ചൂണ്ടാന്‍ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടും മുമ്പ് പാകിസ്ഥാന്‍ സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിന്റെ വ്യക്തമായ ഉദാഹരണം നിരത്തിക്കൊണ്ടാണ് പാകിസ്ഥാനെ പെറ്റല്‍ ഗെഹ്ലോട്ട് നേരിട്ടത്. ആഗസ്തില്‍ ഫൈസലാബാദ് ജില്ലയില്‍ നിരവധി പള്ളികളും ക്രിസ്ത്യന്‍ വീടുകളും നശിപ്പിച്ച സംഭവം ന്യൂനപക്ഷത്തിനെതിരായ അക്രമത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു.
സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്ന് അന്താരാഷ്‌ട്ര ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ഇതെല്ലാം ചെയ്യുന്നതെന്ന് ഐക്യരാഷ്‌ട്രസഭയിലെ അംഗരാജ്യങ്ങള്‍ക്ക് അറിയാം. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അവകാശമില്ലെന്നും പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു.
ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ മൂന്നു കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്. ആദ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും അവസാനിപ്പിക്കണം. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണം. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും പെറ്റല്‍ ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരം സ്ത്രീകളെ ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്ന് പാക് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അവര്‍ ഇക്കാര്യം പറഞ്ഞത്.