Latest News
രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ആദ്യ ബസ് നിരത്തിലിറങ്ങി
ന്യൂഡൽഹി . ഗതാഗത രംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടു വെപ്പുമായി രാജ്യം. രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ആദ്യ ബസ് നിരത്തിലിറങ്ങി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ദല്‍ഹിയില്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വർഷാവസാനത്തോടെ15 ബസുകള്‍ ഇറങ്ങുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതത്തെ ഫോസില്‍ ഊര്‍ജ്ജത്തിന്റെ മൊത്ത ഇറക്കുമതിക്കാരെന്നതില്‍ നിന്ന് ഹൈഡ്രജന്‍ എനര്‍ജിയുടെ മൊത്ത കയറ്റുമതിക്കാരാക്കി പദ്ധതിയുടെ വിജയം ഉയര്‍ത്തും. സാങ്കേതിക കൈമാറ്റത്തിലൂടെ ആഗോളതലത്തില്‍ ഭാരതം അതിനു നേതൃത്വം നല്കും. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദകരും വിതരണക്കാരുമായി ഭാരതം മാറുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2050ല്‍ ഹൈഡ്രജന്റെ ആഗോള ആവശ്യം നിലവിലുള്ളതിന്റെ ഏഴിരട്ടിയാകും. ഇത് 500-800 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തരാവശ്യം നാലിരട്ടി കൂടി ആറു ദശലക്ഷം ടണ്ണില്‍ നിന്ന് 28 ദശലക്ഷമായി ഉയരുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഗ്രീന്‍ ഹൈഡ്രജനാണ് ബസുകളില്‍ ഇന്ധനമായി ഉപയോഗിക്കുക. ഇത് പുനരുപയോഗ ഊര്‍ജ്ജ സ്രോതസില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ടാറ്റ മോട്ടോഴ്സും സംയുക്തമായാണ് ഇന്ധന സെല്‍ വികസിപ്പിച്ചത്. സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്ക് പാനലുകള്‍ ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണത്തിലൂടെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുക.
തുടക്കത്തിൽ ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായുള്ള ബസ് സര്‍വീസ്. മൂന്നു ലക്ഷം കിലോമീറ്ററാണ് ഒരു ബസിന്റെ പരീക്ഷണ കാലയളവ്. ബസുകളുടെ പരീക്ഷണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗംതന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫരീദാബാദിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കാമ്പസില്‍ ഇന്ധനം നിറയ്‌ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡീസല്‍ ബസുകള്‍ക്ക് ലിറ്ററിന് 2.5-3 കിലോമീറ്ററാണ് ഇന്ധന ക്ഷമത. ഒരു കിലോഗ്രാം ഹൈഡ്രജന്റെ ഇന്ധന ക്ഷമത ഏകദേശം 12 കിലോമീറ്റർ ആണെന്നതാണ് എടുത്ത് പറയേണ്ടത്.