Entertainment
ഫഹദ് തലൈവരുടെ വില്ലന്‍ ആവുന്നു, ‘തലൈവര്‍ 170’ ഉടന്‍ പ്രഖ്യാപിക്കും
മലയാളത്തിലെയെന്നപോലെ തമിഴകത്തും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. ‘മാമന്നന്‍’ ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്‌ക്രീനിലേക്ക് എത്താന്‍ പോവുകയാണ്.
ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ ആണ് ഫഹദ് രജനികാന്തിന്റെ വില്ലനാകുന്നത്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്ന സൂചനകളും ഉണ്ട്.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിൽ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. അതേസമയം ഇതുവരെയും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സാണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.