Latest News
ഓരോ ഭാരതീയനും അഭിമാനിക്കാം, ലോക പൈതൃക പട്ടികയിൽ ഇനി ശാന്തിനികേതനും
കൊൽക്കത്ത . ഭാരതത്തിന്റെ ദീർഘനാളായുള്ള കാത്തിരിപ്പ് സഫലമായി. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യമാണ് യുനെസ്‌കോ അംഗീകരിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു യുനെസ്‌കോയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്.
ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണ്യുമെന്റ്‌സ് ആൻഡ് സൈറ്റ്‌സ് എന്ന സംഘടനയായിരുന്നു മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ശുപാർശ നൽകിയിരുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം യാഥാർത്ഥ്യമാവുമെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ഇത് സംബന്ധിച്ച് അറിയിച്ചിരുന്നു.
ഇതിനിടെയാണ് ശാന്തിനികേതനെ പട്ടികയിലുൾപ്പെടുത്തിയെന്ന യുനെസ്കോയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ സന്തോഷം പങ്കുവച്ച കുറിപ്പും എക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ദർശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം കിട്ടുമ്പോൾ സമ്മാനമായി ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ചാണ് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ പടുത്തുയർത്തുന്നത്. പ്രകൃതിയിൽ ലയിച്ചു ചേർന്നു ധ്യാനനിരതമായ ജീവിതം നയിക്കാൻ ഉതകുന്നതായിരുന്നു ഇവിടുത്തെ അന്തരീക്ഷം. ഹരിതാഭ സൗന്ദര്യത്തിന് നടുവിലാണ് ശാന്തിനികേതൻ പണിതുയർത്തിയിരിക്കുന്നത്. 1901ൽ കേവലം 5 കുട്ടികളുമായി ആരംഭിച്ച ശാന്തിനികേതൻ സ്‌കൂളിൽ ഗുരുകുല മാത്യകയിലായിരുന്നു വിദ്യാഭ്യാസം. മാവുകളുടെയും മറ്റ് മരങ്ങളുടെയും തണലിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ക്ലാസ് റൂമുകളിലാണ് ഇവിടെ പഠനം.