Latest News
ഓണമെത്തിയിട്ടും ഓണകിറ്റ് എത്തിയില്ല
തിരുവനന്തപുരം . ഓണം സംസ്ഥാനത്ത് പടിവാതിക്കൽ എത്തിയിട്ടും ഓണകിറ്റ് ഇനിയും എത്തിയിട്ടില്ല. ഓണക്കിറ്റ് വിതരണത്തിൽ പ്രതിസന്ധി നേരിടുകയാണ്. അര ലക്ഷത്തിലധികം കിറ്റുകൾ മാത്രമാണ് ഇതു വരെ വിതരണത്തിനെത്തിച്ചത്. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇത്.
കിറ്റ് വിതരണത്തിന്റെ കാര്യത്തിൽ ഭക്ഷ്യ മന്ത്രി നൽകിയ ഉറപ്പ് വെറുതെയായി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണി വരെയുള്ള കണക്കുകൾ പ്രകാരം 62,231 കിറ്റുകളാണ് ഇതുവരെ ആകെ വിതരണം ചെയ്‌തത്. മൂന്നു ലക്ഷത്തിലധികം കിറ്റുകളുടെ പാക്കിംഗ് ജോലികൾ നടക്കുകയാണ്. ഇതുവരെ പത്ത് ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തത്. അതിനാൽ ഓണകിറ്റ് വിതരണത്തിലെ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കത്തിലാണ് സപ്ലൈകോ.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. മിൽമ പായസം മിക്സിന് പകരം മറ്റ് കമ്പനികളെ സമീപിക്കാനും നീക്കം നടക്കുകയാണ്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. ഞായറാഴ്ച ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ ഉള്ള പ്രഖ്യാപനം. എന്നാൽ പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധി ഉണ്ടാക്കി. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.