Latest News

മാസപ്പടി വിവാദം: വീണാ വിജയന് ഒരു കൈത്താങ്ങുമായി ഇ.പി.ജയരാജന്‍

Published

on

‘മാസപ്പടി’ വിവാദത്തില്‍ മുഖ്യ മന്ത്രിയുടെ മകൾ വീണാ വിജയന് ഒരു കൈത്താങ്ങുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത്. കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്നതില്‍ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ ഇത്തരം സ്ഥാപനം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നത് എന്തിനാണ്? ഇപി ജയരാജൻ ചോദിക്കുന്നു.

ഇടതു പക്ഷത്തെ തകര്‍ക്കാനുള്ള വലതുപക്ഷ ശക്തികളുടെ അജന്‍ഡയാണ് ഇതിനു പിന്നിൽ. വ്യക്തിഹത്യ പാടില്ല. നല്‍കിയ സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണു നല്‍കിയത്. 2017ല്‍ നടന്ന സംഭവം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ഇപി ജയരാജൻ ആരോപിച്ചു.

മുഖ്യന്റെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽനിന്ന് മൂന്ന് വർഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്നാണ് ആരോപണം. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനി പണം നല്‍കിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് സിഎംആർഎൽ വീണയ്ക്കും, അവരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും പണം നൽകിയതെന്നും റിപ്പോർട്ടുകൾ പറഞ്ഞിട്ടിരുന്നു.

വീണയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയായ എക്സാലോജിക്കിന് 1.17 കോടി രൂപയും വീണയ്ക്ക് 55 ലക്ഷം രൂപയും ചേർത്ത് മൊത്തം 1.72 കോടി രൂപ നൽകിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഒരു സേവനവും നൽകാതെയാണ് പണം വാങ്ങിയതെന്നും ബാങ്ക് മുഖേനയാണ് പണം നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാറ്റുന്നു. ഈ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വർ‍ സിങ്, എം ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

അതേസമയം, വീണാ വിജയൻ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ കുരുക്കിലാക്കാൻ, മാസപ്പടി വിവാദത്തില്‍ കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിന് പരാതി നൽകിയിരിക്കുകയാണ്. വീണാ വിജയൻ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്ക് പരാതിക്കാരൻ നല്‍കിയിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാത്ത പക്ഷം, കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ഗിരീഷ് ബാബു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും, കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനി പണം നല്‍കിയ രാഷ്ടീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സിഎംആര്‍എല്ലും ആദായനനികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version