Latest News

ശമ്പളമില്ല, മാധ്യമത്തിൽ തിരുവോണ നാളിൽ പട്ടിണി സമരം നടത്തി ജീവനക്കാർ

Published

on

കോഴിക്കോട് . കഴിഞ്ഞ മൂന്നു മാസങ്ങളായി മാധ്യമം ജീവനക്കാർക്ക് ശമ്പളമില്ല. ശമ്പളം ഇല്ലാതെ പണിയെടുക്കുകയാണ് മാധ്യമത്തിലെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര ജീവനക്കാർ. തിരുവോണ നാളിൽ തങ്ങളുടെ പ്രതിഷേധം അവർ പട്ടിണിയിരുന്നാണ് മാനേജ്മെന്റിനെ അറിയിച്ചത്. പുതിയതായി എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാനല്ല തിരുവോണനാളിൽ മാധ്യമം ജീവനക്കാർ മാധ്യമത്തിന്റെ വെള്ളിമാടുകുന്നിലെ ഓഫീസിനു മുൻപിൽ ഉപവാസസമരം നടത്തിയത്.

മൂന്ന് മാസത്തെ ശമ്പളം കിട്ടാനായിരുന്നു. അതിനു മുൻപ് പിടിച്ചു വെച്ച തുക (അത് മാത്രം ഏഴ് മാസത്തെ ശമ്പളമുണ്ട്) തിരികെ കിട്ടാൻ. തൊഴിലെടുത്താൽ പ്രതിഫലം നൽകണം എന്നത് ഏതു തൊഴിലുടമയും പാലിക്കേണ്ട സാമാന്യ നീതിയാണ്. മലയാളത്തിലെ പല മാധ്യമസ്ഥാപനങ്ങളും തൊഴിലിന് കൂലി എന്ന സാമാന്യ നീതിയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. തൊഴിലാളിക്ക് ശമ്പളം നൽകുന്നതിൽ മാത്രം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി പല സ്ഥാപനങ്ങളിലും ഉണ്ട്. ഒരുതരം സൃഷ്ടിച്ചെടുക്കുന്ന സാമ്പത്തിക പ്രതിസന്ധി ആണിതെന്നാണ് കെ യു ഡബ്ലിയൂ ജെ സംസ്ഥാന പ്രസിഡണ്ട് എം വി വിനീത ഇത് സംബന്ധിച്ച് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെയും അവരുടെ കുടുംബത്തെയും പട്ടിണിക്കിട്ട്, അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി എന്ത്‌ സാമൂഹ്യനീതിയാണ് നിങ്ങൾക്ക് ഈ സമൂഹത്തിന് ഉറപ്പാക്കാൻ ‌ കഴിയുക? എന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിനീത ചോദിച്ചിരിക്കുന്നത്.

എം വി വിനീതയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

തിരുവോണദിനം മാധ്യമം ജീവനക്കാർക്കൊപ്പമായിരുന്നു. തിരുവോണം ആഘോഷിക്കാനല്ല, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് മാധ്യമത്തിലെ പത്രപ്രവർത്തക- പത്രപ്രവർത്തകേതര ജീവനക്കാർ. ആ പോരാട്ടത്തിന് കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള പത്രപ്രവർത്തക യൂണിയന്റെ പിന്തുണ അറിയിക്കുന്നതിനായി എത്തിയതായിരുന്നു.

പുതിയതായി എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാനല്ല തിരുവോണനാളിൽ മാധ്യമം ജീവനക്കാർ മാധ്യമത്തിന്റെ വെള്ളിമാടുകുന്നിലെ ഓഫീസിനു മുൻപിൽ ഉപവാസസമരം നടത്തിയത്. മൂന്ന് മാസത്തെ ശമ്പളം കിട്ടാൻ, അതിനു മുൻപ് പിടിച്ചു വെച്ച തുക( അത് മാത്രം ഏഴ് മാസത്തെ ശമ്പളമുണ്ട്) തിരികെ കിട്ടാൻ. തൊഴിലെടുത്താൽ പ്രതിഫലം നൽകണം എന്നത് ഏതു തൊഴിലുടമയും പാലിക്കേണ്ട സാമാന്യ നീതിയാണ്.

മലയാളത്തിലെ പല മാധ്യമസ്ഥാപനങ്ങളും തൊഴിലിന് കൂലി എന്ന സാമാന്യ നീതിയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. തൊഴിലാളിക്ക് ശമ്പളം നൽകുന്നതിൽ മാത്രം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി പല സ്ഥാപനങ്ങളിലും ഉണ്ട്. ഒരുതരം സൃഷ്ടിച്ചെടുക്കുന്ന സാമ്പത്തിക പ്രതിസന്ധി ആണിത്.

ഏതൊരു തൊഴിൽസ്ഥാപനവും നിലനിൽക്കുന്നത് തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള മാനസികൈക്യത്തിന്റെ വിശാലമായ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ്. എന്നാൽ ഈ യാഥാർത്ഥ്യം തിരിച്ചറിയാനോ അംഗീകരിക്കാനോ ഉള്ള മാനസികാവസ്ഥയില്ലാത്ത ഒരു കൂട്ടം ബുദ്ധിശൂന്യർ ആണിവർ . ‘മാനേജ്‌മന്റ് രംഗത്തെ വിദഗ്ധർ’ എന്നിവർ ഇവരെ സ്വയം വിശേഷിപ്പിക്കും.

ഈ വിദഗ്ധരുടെ ബുദ്ധി കാര്യമായി പ്രവർത്തിക്കുന്നത് ജീവനക്കാരെ എങ്ങനെ അതൃപ്തരാക്കി മാറ്റാൻ കഴിയും എന്നതിലാണ്. ഏതു വിധേനയും പണിയെടുത്തിവരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കണം. പരമാവധി ചെലവ് ചുരുക്കി തൊഴിലുടമയെ സന്തോഷിപ്പിക്കണം. അതിനായി ഏറ്റവും എളുപ്പം തൊഴിലെടുത്തതിനുള്ള കൂലി കൊടുക്കാതിരിക്കലാണ്. അതിനായി സ്വരമുയർത്തുന്നവരെ പുച്ഛിക്കുക, അവഗണിക്കുക, നിങ്ങൾ നിങ്ങളെക്കൊണ്ടാകുന്നത് എന്തേലും ചെയ്യ് എന്നൊക്കെയുള്ള ഭാവങ്ങൾ ആധുനിക കാലത്തെ മാനേജ്‌മന്റ് മന്ത്രങ്ങളാണ്.
മികച്ച തൊഴിലാളി തൊഴിലുടമ ബന്ധം നിലനിന്നിരുന്ന മാധ്യമത്തിലെ നിലവിലെ അവസ്ഥയും ഇതുതന്നെയാണ്. മാനേജ്മന്റ്‌ വിധഗ്ധർ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുമ്പോൾ അതിനെ തിരുത്താൻ പ്രാപ്തമായ ഒരു നേതൃത്വം മാധ്യമത്തെ നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ‌ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെയും അവരുടെ കുടുംബത്തെയും പട്ടിണിക്കിട്ട്, അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി എന്ത്‌ സാമൂഹ്യനീതിയാണ് നിങ്ങൾക്ക് ഈ സമൂഹത്തിന് ഉറപ്പാക്കാൻ ‌ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version