Crime
മുൻ മന്ത്രി എ.സി. മൊയ്തീന് കുരുക്ക് മുറുകുന്നു, ഇഡി വീണ്ടും ചോദ്യം ചെയ്യും
കൊച്ചി . സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പുകേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സെപ്റ്റംബർ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് മൊയ്തീന് ഇഡി കത്ത് നൽകി. എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിറകെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തനിക്കുണ്ടായ വരുമാനം സംബന്ധിച്ച് എ.സി. മൊയ്തീൻ ഇ ഡി ക്ക് നൽകിയ രേഖകളിൽ തന്നെ മൊയ്തീൻ കുടുങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വരുമാന രേഖകൾ അപൂർണവും അവ്യക്തവുമാണെന്നു മാത്രമല്ല കണക്കിൽ കൂടുതൽ സമ്പാദ്യം മൊയ്തീനു ഉണ്ടെന്ന വിവരങ്ങൾ ഇ ഡി യുടെ കൈവശമുള്ളപ്പോഴാണ് അവ്യക്തമായ രേഖകൾ മാത്രം നൽകി എം എൽ എ രക്ഷപെടാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. മാത്രവുമല്ല, തന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാനാവശ്യപ്പെട്ടു മൊയ്തീൻ ഒരു കത്തും ഇഡിക്ക് നൽകിയിരുന്നു. സംസ്ഥാന മന്ത്രി, എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മാത്രമാണ് മൊയ്തീൻ ഇ ഡി ക്ക് കൈമാറിയിരുന്നത്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറിന്റെ മൊഴി മൊയ്തീനെ കുടുക്കുന്നതാണ്. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബെനാമി വായ്പകൾ അനുവദിക്കാൻ എ.സി.മൊയ്തീൻ ശുപാർശ ചെയ്തെന്ന് തന്നെയാണ് മൊഴിയിൽ ഉള്ളത്. കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരൻ കെ.എ. ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാക്ഷൻ, കൂട്ടാളി രാജേഷ് എന്നിവരെയും മൊയ്തീനൊപ്പം കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നതാണ്