Crime
കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവം, 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്
തിരുവനന്തപുരം . കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു പരിശോധനക്ക് തുടക്കം.
കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജമാൽ മുഹമ്മദിന്റെ വീട്ടിലും ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന നടക്കുന്നത്. മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുൽ അമീൻ്റെ മൂർക്കനാട്ടെ വീട്ടിലും പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി വരുന്നത്. മൂർക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുൽ അമീൻ. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുൾ ജലീൽ, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു വരുന്നു.
കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഇത്തരം കേന്ദ്രങ്ങളിൽ ആണ് പരിശോധന നടക്കുന്നത്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരവും പരിശോധനയ്ക്ക് പിന്നിലുണ്ടെന്നാണ് വിവരം. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ കിട്ടിയിരുന്നു.