Latest News
എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ്, ശരിക്കും തട്ടിപ്പിനെ പറ്റിയുള്ള അന്വേഷണം, കെ മുരളീധരൻ
കോഴിക്കോട് . മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമല്ലെന്നും, ശരിക്കും തട്ടിപ്പ് നടത്തിയതിനെ ക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും കെ.മുരളീധരൻ. എ.സി.മൊയ്തീൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒട്ടറെ പരാതികൾ ഉയർന്നെങ്കിലും പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം അത് പൂഴ്ത്തിവെക്കുകയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം എംഎൽഎയും മന്ത്രിയുമായി.
മന്ത്രിയായപ്പോൾ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥൻമാർ അദ്ദേഹത്തിനു നേരിട്ടു നൽകിയ പരാതി പോലും പൂഴ്ത്തിവച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇഡിയുടെ റെയ്ഡ് നടന്നത്. റെയ്ഡ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. മറ്റു തുടർനടപടികൾ എന്താണെന്നു നോക്കി പാർട്ടി അതനുസരിച്ച് പ്രതികരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
‘എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയക്കളികളോട് ഞങ്ങൾ യോജിക്കുന്നില്ല. എന്നുവച്ച് തട്ടിപ്പ് നടത്താൻ പാടില്ല. തട്ടിപ്പ് നടത്തി ഇഡി കയറുന്നതും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വരുന്നതും രണ്ടും രണ്ടാണ്. മൊയ്തീനെതിരെ ഇഡി അന്വേഷണം വരുന്നതിനു മുൻപുതന്നെ ഈ തട്ടിപ്പിൽ അദ്ദേഹത്തിനു പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഇഡി അന്വേഷണം’ എന്നാണ് മുരളീധരൻ പറഞ്ഞു.
തുവ്വൂർ കൊലപാതകം ആരു ചെയ്താലും നടപടി വേണമെന്നാണ് മുരളീധരൻ പറഞ്ഞിരിക്കുന്നത്. പ്രതി ഏതു പാർട്ടിക്കാരനായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കൊടി സുനിയെ വിലങ്ങ് അണിയിക്കാതെ ട്രെയിനിൽ കൊണ്ടുവന്നതിൽ അദ്ഭുതമില്ലെന്നാണ് മുരളീധരൻ പ്രതികരിച്ചിരിക്കുന്നത്.
(വാൽ കഷ്ണം : കുറെ കാലങ്ങളായി മുരളീധരൻ സത്യം വളരെ വൈകിയായിരുന്നു പറയാറ്, എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പെട്ടെന്ന് പറഞ്ഞു)