Crime
കരുവന്നൂർ സഹകരണ ബാങ്കിലെ കൊള്ള, സി പി എം നേതാക്കളെ അടക്കം നാല് പേരെ കൂടി ഇഡി ചോദ്യം ചെയ്തു
തൃശ്ശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ അടക്കം നാല് പേരെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജേഷ്, ജിജോർ അടക്കം നാല് പേരെയാണ് വ്യാഴാഴ്ച ചോദ്യം ചെയ്യുന്നത്.
ഇഡി കസ്റ്റഡിയിലുള്ള പ്രതി സതീഷ് കുമാറിന്‍റെ മൊഴിയെ തുടർന്നാണ് കൂടുതൽ സി പി എം പ്രദേശിക നേതാക്കളിലേക്ക് ഇപ്പോൾ അന്വേഷണം എത്തിയിരിക്കുന്നത്. സിപിഎം നേതാക്കളുമായും കേസിൽ അറസ്റ്റിൽ ഉള്ളവരുമായും അടുത്ത ബന്ധം ഉള്ളവരാണ് വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിന് എത്തിയിരിക്കുന്നത്. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ തട്ടിയെടുത്ത കോടികൾ ഏതൊക്കെ സ്ഥലങ്ങളിൽ നിക്ഷേപിച്ചു എന്നറിയാനുള്ള ശ്രമത്തിലാണ് ഇ ഡി. കേസിൽ സിപിഎം നേതാവ് എ സി മൊയ്തീനാണു അടുത്ത ഊഴം. നിലവിൽ കസ്റ്റഡിയിലുള്ള സതീഷ് കുമാർ, പി പി കിരൺ എന്നിവരുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച തീരുകയാണ്.
കേസിലെ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാറാണ് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. രണ്ടാം പ്രതി പി പി കിരണിനും സതീഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ നൽകിയിട്ടുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
സി പി എമ്മിന്റെ ഉന്നത നേതാക്കളുമായുള്ള സതീഷ്കുമാറിന്‍റെ ഇടപെടലുകളാണ് കിരണിന് ബാങ്കിൽ നിന്ന് വായ്പ കിട്ടാൻ വഴിയൊരുക്കുന്നത്. 51 ബെനാമി ഇടപാടുകളിലൂടെ 24.57 കോടി രൂപ പി.പി. കിരൺ വായ്പയായി തട്ടിയെടുക്കുകയാ യിരുന്നു. ഇതിൽ നിന്ന് 14 കോടി രൂപ അക്കൗണ്ട് വഴിയും നേരിട്ടും സതീഷിന് കൈമാറുകയും ഉണ്ടായി.