Crime
കരുവന്നൂര്‍ തട്ടിപ്പ്, കേരള ബാങ്ക് വൈസ്. പ്രസിഡന്റും, മുന്‍ എംഎല്‍എയുമായ എം.കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു
തൃശൂര്‍ . കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ്. പ്രസിഡന്റും, മുന്‍ എംഎല്‍എയുമായ എം.കെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി.റെയ്ഡ് നടത്തിയ പിന്നാലെയാണ് കൊച്ചിയിലെ ഓഫീസിലേക്ക് കണ്ണനെ ചോദ്യം ചെയ്യാനായി ഇ.ഡി.വിളിപ്പിച്ചിരുന്നത്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ പ്രമുഖ നേതാവിനെയാണ് ഇ.ഡി.ചോദ്യം ചെയ്യുന്നത്.
കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ പി. സതീഷ് കുമാര്‍ വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മറ്റു നാല് സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്ക് കടത്തിയെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ആഴ്ച തൃശൂര്‍ സഹകരണ ബാങ്കിലടക്ക റെയ്ഡ് നടന്നിരുന്നത്.
അയ്യന്തോൾ ബാങ്ക് പ്രസിഡന്റിനെയും ഇ ഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. തുടർന്ന് എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ബിനാമി ലോൺ തട്ടിപ്പിൽ എ.സി മൊയ്തീനിനെതിരെ തെളിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നത്. പ്രാദേശിക നേതാകൾക്ക് പുറമെ നേരത്തെ മുന്‍ മന്ത്രി എ.സി.മൊയ്തീനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണ ചോദ്യം ചെയ്യതിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭയിൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു എ സി മൊയ്തീൻ ഒഴിഞ്ഞു മാറുകയായിരുന്നു. നിലവിൽ അറസ്റ്റിലുള്ള സതീഷ് കുമാർ, ലോൺ എടുത്ത് മുങ്ങിയ അനിൽ കുമാർ അടക്കമുള്ളവരുമായി എ.സി മൊയ്തീനിന് അടുത്ത ബന്ധമുണ്ടേണ്ടെന്നതിന്റെ തെളിവുകളുമായാണ് ഇ ഡി ഇനി മൊയ്തീനെ വിളിച്ചു വരുത്തുക.