Crime
സി പി എം നേതാവ് പി ആർ അരവിന്ദാക്ഷന്റെ വിദേശ യാത്രകളിൽ ഇഡി അന്വേഷണം തുടങ്ങി
തിരുവനന്തപുരം . സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയായി മാറിയിരിക്കുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതി വടക്കാഞ്ചേരി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ വിദേശ യാത്രകളിൽ ദുരൂഹത. ഇതോടെ പിആർ അരവിന്ദാഷിന്റെ വിദേശയാത്ര അന്വേഷിക്കാനും ഇഡി നീക്കം തുടങ്ങി. അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി.
ദുബായ് അടക്കം പല സ്ഥലങ്ങളിലാണ് അരവിന്ദാക്ഷൻ പോയിരിക്കുന്നത്. 2013 -14 കാലയളവിൽ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി. ദുബൈ യാത്രയുടെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.
അതേസമയം, അരവിന്ദാക്ഷനെയും ബാങ്ക് അക്കൗണ്ടന്റ് ജിൽസനേയും കോടതി റിമാൻഡ് ചെയ്തു. അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയാണ്. അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് ഇ ഡി തീരുമാനിച്ചിട്ടുള്ളത്. അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങൾ ഇ ഡിക്ക് ലഭിച്ചിരുന്നു. അക്കൗണ്ടിന്റെ അനന്തരാവകാശിയായി വച്ചിരിക്കുന്നത് ഒന്നാം പ്രതി സതീഷിന്റെ സഹോദരനെയാണെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരിക്കുകയാണ്. 63 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളത് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലാണ്. 2011 നും 2019 നും ഇടയിൽ സി കെ ജിൽസ് 11 ലക്ഷത്തിന്റെ ഭൂമി വിൽപന നടത്തി. അതിൽ ആറെണ്ണം ഭാര്യയുടെ പേരിലാണ്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത്ത് മേനോന് വിറ്റു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനിരിക്കുകയാണ് ഇ ഡി.