Latest News
എ.സി.മൊയ്തീനെ പൂട്ടി ഇഡി, 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, ഉടൻ ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെ, മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. മൊയ്തീന്റെ പേരിൽ രണ്ടു ബാങ്കുകളിലായി ഉണ്ടായിരുന്ന 31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു. റെയ്‌ഡ് ആരംഭിച്ചതിൽ പിന്നെ ഇ ഡി ഉദ്യോഗസ്ഥരും ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില നേതാക്കളും , തട്ടിപ്പു മൂടാൻ സഹായിച്ചതായി സംശയിക്കുന്ന പ്രമുഖ സി പി എം നേതാക്കളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം
പൊലീസ് നേരത്തെ റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പലിശയ്ക്കു പണം കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. കരുവന്നൂർ ബാങ്കിനെ തട്ടിപ്പിലൂടെ കുഴിച്ചു മൂടാൻ നോക്കിയത് ഉന്നത സി പി എം നേതാക്കളുടെ അറിവോടെയാണെ ന്നതിന്റെ വ്യകതമായ സൂചകകൾ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്.
എ.സി.മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയിൽ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ മൊയ്തീനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിപ്പിക്കും. ഇതിനായി ഉടൻ നോട്ടിസ് നൽകുന്നുണ്ട്. റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥർ, ചില കാര്യങ്ങളിൽ വിശദീകരണം തേടിയിരുന്നു. ഇതിനു ലഭിച്ച മറുപടികൾ അവ്യക്തത ഉള്ളതാണ്. സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടിസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത്.
സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച പുലർച്ചെ വരെ ആയിരുന്നു മൊയ്തീന്റെ വസതിയിൽ റെയ്‍ഡ് നടന്നത്. ഏതാണ്ട് 22 മണിക്കൂർ നീണ്ട റെയ്ഡിനു ശേഷം ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് 12 അംഗ ഇഡി സംഘം കൊച്ചിക്ക് മടങ്ങുന്നത്.
ഇ ഡി ആദ്യം ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽനിന്നു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിക്കുകയായിരുന്നു. ആദ്യമായാണു കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേർ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഡിക്കു ലഭിച്ചിരുന്നതാണ്.. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണു റെയ്ഡിലേക്ക് കാര്യങ്ങൾ എത്തിയിരി ക്കുന്നത്.
(വാൽ കഷ്ണം: മുൻമന്ത്രി എ.സി.മൊയ്തീൻ കരുവന്നൂർ തട്ടിപ്പിലെ പ്രധാന കണ്ണിയായിട്ടും സി പി എം നേതാവായത് കൊണ്ട് മാത്രം സംരക്ഷിക്കാൻ ശ്രമിച്ചതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും, സത്യത്തിൽ നടന്നത് സി പി എമ്മിന്റെ മുഖമൂടിയിട്ട ബാങ്ക് കൊള്ളയാണ്)