Crime
ഡോ വന്ദനയെ ആക്രമിക്കുമ്പോൾ രണ്ട് എഎസ്ഐമാർ സ്വയരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടു
കൊല്ലം . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ രണ്ട് എഎസ്ഐമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും,പൊലീസിന്റെ സത്പ്പേരിന് കളങ്കം വരുത്തിയെന്നും ഉള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് എഎസ്ഐമാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. എ.എസ്.ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ് നടപടി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയുടേതാണ് നടപടി.
പോലീസുകാര്‍ ആക്രമണത്തിനിടെ സ്വയരക്ഷാര്‍ത്ഥം ഓടിപ്പോയെന്നാണ് ഡി.ഐ.ജിയുടെ കണ്ടെത്തല്‍. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ ഉദ്യോഗസ്ഥർ ഒരു നടപടിയും എടുത്തില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിക്കുകയായിരുന്നു. ഓടിപ്പോയത് പോലീസിന്റെ സത്‌പേരിന് കളങ്കമുണ്ടാക്കി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സിക്കാനായി പൊലീസ് എത്തിച്ച യുവാവ് സർജിക്കൽ കത്രിക കൈയ്യിലാക്കി ഡോ. വന്ദനാദാസ് ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. മേയ് 10ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമം കാട്ടിയ സന്ദീപിനെ (42) അര മണിക്കൂറിനു ശേഷമാണ് പൊലീസ് കീഴടക്കുന്നത്.
സന്ദീപിന് ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനായ ബിനുവിനും എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസര്‍ ബേബി മോഹനൻ, ഹോം ഗാര്‍ഡ് അലക്സ്, ആംബുലൻസ് ഡ്രൈവര്‍ രാജേഷ്, എന്നിവര്‍ക്കും ആക്രമണത്തിൽ പരിക്കറ്റിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന ആരോപണം തുടക്കം മുതൽ ഉണ്ടായിരുന്നതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.