Latest News
മലയാറ്റൂരുകാരുടെ ബസ് സ്റ്റോപ്പ് കണ്ട് പഠിക്കണം, ബസ് സ്റ്റോപ്പിന്റെ പേരിൽ ഇനിയും ജനത്തെ പള്ളക്കടിക്കരുത്
ബസ് സ്റ്റോപ്പുകളുടെ പേരിൽ നാട് നീളെ കൊടും കൊള്ള നടക്കുമ്പോൾ ചുരുങ്ങിയ ചിലവിൽ ജനകീയ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നാടിനാകെ മാതൃക കാണിച്ചിരിക്കുകയാണ് മലയാറ്റൂരുകാർ. ജനങ്ങളിൽനിന്ന് പിരിവെടുത്ത് നല്ല സൗകര്യങ്ങളോടെ ഒരു പഞ്ചായത്ത് മെമ്പർ മുൻകൈയെടുത്ത് നിർമിച്ച ബസ് സ്റ്റോപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലാകെ വൈറലാവുകയാണ്. പത്തും പതിനഞ്ചും എന്തിന് അരക്കോടി വരെ ചിലവാക്കി ബസ് സ്റ്റോപ്പുകൾ നിർമ്മിച്ച് ജനത്തിന്റെ പണം പള്ളയിലാക്കുന്ന രാഷ്ട്രീയക്കാർക്കാകെ മലയാറ്റൂരുകാരുടെ ബസ്സ് സ്റ്റോപ്പിപ്പോൾ തീരാ തലവേദനയും ആയി.
കാടുപിടിച്ചുകിടന്ന പഞ്ചായത്ത് കിണറാണ് മലയാറ്റൂരിൽ ബസ് സ്റ്റോപ്പാക്കി മാറ്റിയിരിക്കുന്നത്. ഈ ബസ് സ്റ്റോപ്പിന് 1,22700 രൂപ മാത്രമാണ് മൊത്തം ചെലവായത്. ഇതിൽ ഭൂരിഭാഗം തുകയും ജനങ്ങളിൽനിന്ന് പിരിവെടുത്ത് ശേഖരിക്കുകയായിരുന്നു. ലക്ഷങ്ങളുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പരിമിതമായ സൗകര്യങ്ങളുള്ള ബസ് സ്റ്റോപ്പുകൾ നമുക്ക് നാട് നീളെ വരുമ്പോൾ, വെറും 1.22 ലക്ഷം രൂപയ്ക്ക് മലയാറ്റൂരിൽ ബസ് സ്റ്റോപ്പ് നിർമിച്ചിരിക്കുകയാണ് സേവ്യർ വടക്കുംഞ്ചേരി എന്ന വാർഡ് മെമ്പറും പ്രദേശവാസികളും എന്നതാണ് ശ്രദ്ധേയം. ഇവിടെ സിമന്‍റിനും കമ്പിക്കും ടൈലിനും ചെലവായ തുക കിറുകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ച് ഒരു അടിപൊളി ബസ് സ്റ്റോപ്പ് ആണ് മലയാറ്റൂരിൽ പണിതിരിക്കുന്നത്.
കേരളത്തിന്റെ മൂക്കിനും മൂലയിലും പേരും പടവും വരെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി പിടിപ്പിച്ച് ബസ് സ്റ്റോപ്പുകൾ പണിയുകയാണ് ചില എം എൽ എ മാറും, എം പി മാറും. പല ബസ് സ്റ്റോപ്പുകൾക്കും ചെലവ് ഒരു വീട് പണിയുന്ന അതേ ചെലവ് വരുന്നു എന്നതാണ് സത്യം. എന്നാൽ സൗകര്യങ്ങളോ വളരെ പരിമിതമായിരിക്കും താനും.
ഫോർട്ട് കൊച്ചിയിലെ ചിരട്ടപ്പാലത്ത് കെ ജെ മാക്സി എംഎൽഎയുടെ ഫണ്ടിൽനിന്ന് നിർമിച്ച ബസ് സ്റ്റോപ്പിന് 11 ലക്ഷം രൂപയാണ് ചിലവും. ഇത്തരത്തിൽ കണക്ക് എഴുതിയാൽ ഒട്ടു മിക്ക എം എൽ എ മാരുടെയും എം പി മാരുടെയും പേരുകൾ ജനകീയ തട്ടിപ്പു ലിസ്റ്റിൽ എഴുതി ചേർക്കേണ്ടി വരും. ചിരട്ടപ്പാലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ കോക്കേഴ്സ് ജങ്ഷനിൽ 9 ലക്ഷത്തോളം ചെലവാക്കി നിർമിച്ചിരിക്കുന്നു മറ്റൊരു ബസ് സ്റ്റോപ്പ്. ഇവിടെയൊന്നും നിർമാണത്തിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ചെലവ് വിവരം അറിഞ്ഞാൽ ജനത്തിനെ പറ്റിച്ച കഥ പുറത്തറിയും.