Crime
എ.സി.മൊയ്തീൻ നൽകിയ രേഖകൾ അപൂർണം, വ്യക്തതയില്ല, വീണ്ടും ഇ ഡി വിളിപ്പിക്കും
കൊച്ചി . കരുവന്നൂർ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസിൽ മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎ നൽകിയ രേഖകൾ അപൂർണമാണെന്നും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും ഇ.ഡി. മൊയ്തീന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കാനാവശ്യപ്പെട്ടു മൊയ്തീൻ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇ ഡി പറഞ്ഞതായി മൊയ്തീൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ല. സംസ്ഥാന മന്ത്രി, എംഎൽഎ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും ആണ് മൊയ്തീൻ ഇ ഡി ക്ക് നൽകിയിട്ടുള്ളത്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം മൊയ്തീനോട് മുഖ്യമായും ചോദിച്ചിരുന്നത്. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബെനാമി വായ്പകൾ അനുവദിക്കാൻ എ.സി.മൊയ്തീൻ ശുപാർശ ചെയ്തെന്ന മൊഴിയുള്ള സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ മൊയ്തീൻ തിങ്കളാഴ്ച നൽകിയ മൊഴിയിൽ വ്യക്തത ഇല്ല. അന്വേഷണ സംഘത്തിനു നൽകിയ മൊഴികളുടെയും രേഖകളുടെയും വിശദ പരിശോധന ഇ ഡി നടത്തി വരുകയാണ്. തുടർന്ന് വീണ്ടു വിളിപ്പിക്കും.
കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരൻ കെ.എ.ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിഡ് കാട, പി.ആർ.അരവിന്ദാക്ഷൻ, കൂട്ടാളി രാജേഷ് എന്നിവരെയും മൊയ്തീനൊപ്പം തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. അടുത്ത ബന്ധുവിന്റെ വിവാഹനിശ്ചയം കാരണം എത്താൻ കഴിയില്ലെന്നാണ് അരവിന്ദാക്ഷൻ അറിയിച്ചിരുന്നതെങ്കിലും ഉച്ചയോടെ അദ്ദേഹവും ഹാജരാവുകയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി അരവിന്ദാക്ഷനെ നേരത്തെ തന്നെ ഇ ഡി വിട്ടു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, തനിക്കു ഒന്നും അറിയില്ലെന്നും ആയിരുന്നു ഇ ഡി യുടെ പല ചോദ്യങ്ങൾക്കും മൊയ്തീന്റെ മറുപടി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം മൊയ്തീൻ പ്രതികരിക്കുകയും ഉണ്ടായി. ആവശ്യപ്പെട്ട രേഖകൾ മുഴുവൻ കൈമാറി. അന്വേഷണവുമായി സഹകരിക്കും എന്നാണ് കരുവന്നൂർ ബാങ്കിൽ നിന്ന് സി പി എം നേതാക്കൾ ചേർന്ന് കോടികൾ അടിച്ചു മാറ്റിയ കേസിൽ മൊയ്തീന്റെ പ്രതികരണം.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു