Latest News
വീണയുടെ രക്ഷക്ക് എഡിറ്റോറിയൽ എഴുതി ദേശാഭിമാനി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ വീണയുടെ രക്ഷക്കായി എഡിറ്റോറിയൽ എഴുതി സി പി എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനി. എഡിറ്റോറിയൽ ലേഖനത്തിലൂടെ വീണയെ അനുകൂലിക്കുന്ന വാദങ്ങളാണ് ദേശാഭിമാനി നിരത്തുന്നത്. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് എഡിറ്റോറിയൽ സ്ഥാപിക്കുവാൻ ശ്രമിച്ചിരിക്കുകയാണ്. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടതായും എഡിറ്റോറിയലിൽ പറഞ്ഞിരിക്കുന്നു.
വിജിലൻസ് അന്വേഷണത്തെയും, മറ്റു കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെയും ഇക്കാര്യത്തിൽ സി പി എം ഭയക്കുന്നു എന്നത് എഡിറ്റോറിയലിലെ വരികളിൽ വ്യക്തം. ‘വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണ്’ എന്നാണു ദേശാഭിമാനിയുടെ ഭാഷ്യം. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ പൊതുസേവകർ കക്ഷിയല്ലെന്നാണ് ദേശാഭിമാനി സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നത്. വീണ വിജയൻ, പിണറായി വിജയൻറെ മകളാണെന്നതും മുഹമ്മദ് റിയാസിന്റെ സഹധർമ്മിണി ആണെന്നതും മറന്നു പോയ പോലെയാണ് എഡിറ്റോറിയലിലെ എഴുത്ത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ പൊതു സേവകർ വേണമെന്ന ന്യായ വാദം പറയാനും അത് വഴി എഡിറ്റോറിയലിലൂടെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് ബോധപൂർവം സ്ഥാപിക്കാനുമാണ് ദേശാഭിമാനിയുടെ എഡിറ്റോറിയൽ എന്നതാണ് വ്യക്തമാകുന്നത്.
ഓരോ വിവാദങ്ങൾ ഉണ്ടാകുമ്പോഴും മറ്റു വിഷയങ്ങളിലേക്ക് ജന ശ്രദ്ധ തിരിക്കാനുള്ള പതിവ് രാഷ്ട്രീയ തന്ത്രം പാളിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ എഡിറ്റോറിയൽ എന്നതും എടുത്ത് പറയേണ്ടതായുണ്ട്. മാസപ്പടി വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ദേശാഭിമാനിയിലെ ഈ ലേഖനം എന്തിനെന്നു ഉപ്പും കൂട്ടി ചോറ് തിന്നുന്ന ഏതൊരാൾക്കും തിരിച്ചറിയാനാകും.
വീണയ്ക്കൊപ്പം നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, മന്ത്രി മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.( വീണക്കൊപ്പമല്ലാതെ സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും വീണയുടെ ഭർത്താവു റിയാസിനും നിൽക്കാനാവില്ലല്ലോ?) സിപിഎം വിവാദത്തെ ന്യായീകരിക്കുമ്പോഴും മുഖ്യമന്ത്രി വിവാദങ്ങളോട് ഒരക്ഷരം മിണ്ടിയിട്ടില്ല. മാസപ്പടി വിവാദത്തിൽ കെടുക്കണമെന്നു ആവശ്യപ്പെടുന്ന പരാതി വിജിലൻസ് കോടതിയിലേക്കും, മാസപ്പടി ഇടപാട് പഠിക്കാൻ ഇ ഡി യും ഇറങ്ങിയിരിക്കുന്ന അവസ്ഥയിലാണ് പിണറായി വിജയന് മിണ്ടാട്ടം ഇല്ലാത്തത്. കേരളത്തിലെ സാംസ്കാരിക സമൂഹം പിണറായി മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുപ്പള്ളിയിൽ പൊതുയോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മാധ്യമങ്ങളേയും വാർത്തകളേയും വിമർശിച്ചെങ്കിലും വിവാദത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കൂട്ടാക്കിയിട്ടില്ല.
(വാൽ കഷ്ണം : മാസപ്പടിയിൽ പൊതുസേവകർ കക്ഷിയല്ലെന്ന് ദേശാഭിമാനി, വീണ വിജയൻ, പിണറായി വിജയൻറെ മകളാണെന്നതും മുഹമ്മദ് റിയാസിന്റെ സഹധർമ്മിണി ആണെന്നതും മറന്നു പോയ ഒരു വല്ലാത്ത എഡിറ്റോറിയൽ എഴുത്ത്, കഷ്ടം)