Crime

ഡല്‍ഹിയെ നടുക്കി കൊലപാതകം, കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തി കിടക്കയുടെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു

Published

on

കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തിയ ഡൽഹിയെ നടുക്കിയ സംഭവത്തിൽ 24കാരിയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ 24കാരിയായ പൂജാ കുമാരിയാണ് അറസ്റ്റിലായത്. കുട്ടിയെ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കിടക്കയുടെ പെട്ടിക്കുള്ളില്‍ യുവതി ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പങ്കാളിയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിന് പിന്നാലെ പൂജ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വെസ്റ്റ് ഡല്‍ഹിയിലെ റണ്‍ഹോലയില്‍ താമസിക്കുന്ന ജിതേന്ദറുമായി അവര്‍ ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ജിതേന്ദര്‍ തന്റെ ഭാര്യയില്‍ നിന്ന് ഇതുവരെ വിവാഹമോചനം നേടിയിട്ടില്ല. ഇതിന് കാരണം മകനാണെന്ന് പൂജ കരുതി. ഇതാണ് കുട്ടിയെ ഒഴിവാക്കാന്‍ പൂജയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽക്കുന്ന വിവരം.

മുന്നൂറോളം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് ഞായറാഴ്ച ബക്കര്‍വാലയില്‍ വച്ച് പൂജയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ഥിരമായി ഒളിത്താവളങ്ങള്‍ മാറ്റുകയും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് പറയുന്നു. ആഗസ്റ്റ് 10 ന് ബിഎല്‍കെ ആശുപത്രിയില്‍ ഒരു കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ എത്തിച്ചതായി ഡല്‍ഹി പൊലീസിന് വിവരം കിട്ടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വീട് അവസാനമായി സന്ദര്‍ശിച്ചത് ഒരു സ്ത്രീയാണെന്നും പിന്നീട് അത് പൂജയാണെന്നും വ്യക്തമാവുകയാണ് ഉണ്ടായത്. ഇതോടെ യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലും ബന്ധു വീടുകളിലും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഞായറാഴ്ച ബക്കര്‍വാലയില്‍ വച്ച് പൂജയെ അറസ്റ്റ് ചെയ്യുന്നത്.

കുട്ടിയുടെ പിതാവ് ജിതേന്ദറിനെ പൂജ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നേരത്തെ തന്നെ വിവാഹിതനായിരുന്നു. തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുമെന്ന് ഇയാള്‍ പൂജയ്ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും, കുറച്ച് നാളുകള്‍ക്ക് ശേഷം ജിതേന്ദര്‍ വിവാഹമോചനത്തിന് വിസമ്മതിക്കുകയാണ് ഉണ്ടായത്. 2022 ഡിസംബര്‍ മുതല്‍ ജിതേന്ദര്‍ തന്റെ ആദ്യ ഭാര്യയോടൊപ്പം താമസം പുനഃരാരംഭിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലയായ പൂജ ആഗസ്റ്റ് 10ന് ജിതേന്ദറിന്റെ മകനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version