Latest News
കോടതി വിധി ലംഘിച്ച് സിപിഎം ശാന്തൻപാറയിൽ ഓഫീസ് നിർമ്മാണം തുടർന്നു
കൊച്ചി . കോടതി വിധി ലംഘിക്കുക എന്നത് തങ്ങൾക്കു പുത്തരിയല്ലെന്നു തെളിയിക്കുകയാണ് ഇടുക്കിയിലെ ശാന്തൻപാറയിൽ ഓഫീസ് നിർമ്മാണത്തിന്റെ കാര്യത്തിൽ സി പി എം.ഇതോടെ കോടതി വിധി ലംഘിച്ച് സിപിഎം ഇടുക്കിയിലെ ശാന്തൻപാറയിൽ ഓഫീസ് നിർമ്മിക്കുന്നതിൽ അമർഷം അറിയിച്ചിരിക്കുകയാണ് ഹൈക്കോടതി. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചതോടെയാണ് സംഭവത്തിൽ കോടതി അതൃപ്തി അറിയിച്ചിരിക്കുന്നത്.
വിഷയത്തിൽ കോടതി സർക്കാർ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിനിടെ പണികൾ നിർത്തി വയ്‌ക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് സിപിഎമ്മിന് നോട്ടീസ് നൽകി. ഉടുമ്പൻചോല എൽ ആർ തഹസിൽദാർ ആണ് നോട്ടീസ് നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നോട്ടീസ്.
കളക്ടറുടെ നിർദ്ദേശ പ്രകാരമുള്ള നോട്ടീസ് കിട്ടിയതോടെ സിപിഎം കെട്ടിടത്തിന്റെ പണികൾ നിർത്തിവെച്ചതായാണ് ഒടുവിലുള്ള റിപ്പോർട്ടുകൾ. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെ നടത്തിവന്ന സിപിഎംന്റെ കെട്ടിട നിർമ്മാണം നിർത്തിവെക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലും സിപിഎം ഓഫീസ് നിർമ്മാണം നടക്കുകയാണ് ഉണ്ടായത്. പുലർച്ചെ നാലു മണി വരെയാണ് പണികൾ നടന്നത്. കോടതി ഉത്തരവോ പണി നിർത്തിവെയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളക്ടറുടെ ഉത്തരവോ തങ്ങൾക്ക് ലഭിക്കാത്തതിനാലാണ് പണികൾ നടന്നു വന്നതെന്ന് സി പി വൃത്തങ്ങൾ ന്യായീകരിക്കുന്നു.
(വാൽ കഷ്ണം : ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങടെ പാർട്ടി ഓഫീസ് പണിതാലെന്താ? ഭരണത്തിന്റെ മറവിൽ സി പി എം നീതിന്യായ വ്യവസ്ഥ ലംഘിച്ചു)