Latest News
മധുരയിൽ ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി
മധുര . റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തം. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തീപിടിത്തത്തില്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണക്കുന്നത്.
20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 5 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മരിച്ചവരിൽ ആറ് പേർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചിൽ തീ പിടിത്തം ഉണ്ടാവുന്നത്. ലക്നൗവിൽ നിന്ന് 17ന് നിന്ന് യാത്ര തിരിച്ച 63 അംഗ സംഘമാണ് കോച്ചിലുണ്ടായിരുന്നത്. യാത്രക്കാർ കൊണ്ടുവന്ന ചെറു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം തീപിടിത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഐആർസിടിയുടെ ടൂറിസ്റ്റുകൾക്ക് ആയുള്ള പ്രത്യേക കംപാർട്ട്മെന്റിൽ ആണ് അപകടം. യാത്രക്കാർ ചായ ഉണ്ടാക്കുന്നതിന് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചപ്പോൾ ആണ് സ്ഫോടനം എന്നാണ് ആദ്യ ഘട്ട അന്വേഷണത്തിൽ പുറത്തു വന്നിട്ടുള്ളത്. 55 പേർ അപകടം സംഭവിച്ച കോച്ചിനുള്ളിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. കൂടുതലും ഉത്തർ പ്രദേശില്‍ നിന്നുള്ളവരാണ് കോച്ചിലുണ്ടായിരുന്നത്.
.