Crime
പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു
കറാച്ചി . പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് ചാവേർ ആക്രമണത്തിൽ പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്. നബിദിനാഘോ ഷങ്ങളോടനുബന്ധിച്ച് ഒത്തുകൂടിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നബിദിനത്തോടനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ പള്ളിക്ക് സമീപത്തായിരുന്നു സ്ഫോടനം നടന്നത്.
കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉണ്ടെന്നാണ് വിവരം. നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്‌കോരി. ഉദ്യോഗസ്ഥന്റെ വാഹനത്തിനടുത്തെത്തി ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബർ മാസത്തിൽ മസ്തുങ് ജില്ലയിൽ ഉണ്ടായ രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. ആദ്യത്തെ സ്‌ഫോടനത്തിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം ഫസൽ നേതാവ് ഹാഫിസ് ഹംദുള്ള ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നതാണ്.