Crime
സി പി എമ്മിൽ സ്ത്രീകൾക്ക് സുരക്ഷയില്ല, പ്രവർത്തകക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച നേതാവിന് സസ്പെൻഷൻ
പാലക്കാട് . സി പി എംലെ ചില നേതാക്കളെ കൊണ്ട് പാർട്ടിയിലെയും പോഷക സംഘനകളിലെയും സ്ത്രീകൾക്ക് രക്ഷയില്ലാതായി. പാർട്ടി പ്രവർത്തകരായ സ്ത്രീകൾക്കെതിരെയുള്ള സൈബർ കുട്ടാ കൃത്യങ്ങൾ വർധിച്ചു വരുമ്പോഴും, അതൊക്കെ പാർട്ടിയിൽ തന്നെ ഒതുക്കി പാർട്ടി തന്നെ കുറ്റക്കാരെ രക്ഷിക്കുന്ന നടപടിയാണ് നടക്കുന്നത്. ഉയരുന്ന പരാതികൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകാതെ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ്.
ഇപ്പോഴിതാ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം ജില്ലാക്കമ്മറ്റി അംഗത്തിന് സസ്പെൻഷൻ നൽകിയിരിക്കുകയാണ് സി പി എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി. ഒരു വർഷത്തേക്കാണ് സിപിഎം ഹരിദാസിനെ സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹരിദാസിനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. ഈ സംഭവം പാർട്ടിയിൽ തന്നെ ഒതുക്കി ഹരിദാസനെ രക്ഷിക്കാനുള്ള നടപടിയാണ് സത്യത്തിൽ നടന്നിരിക്കുന്നത്. പരാതിക്കാരിയെ സന്തോഷിപ്പിക്കാനാണ് സസ്പെൻഷൻ നടപടി എന്നും പറയാം.
ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായ ഹരിദാസ്, യൂണിയനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് മോശമായി പെരുമാറിയത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഹരിദാസ് പരാതിക്കാരിക്ക് അയച്ചിരുന്നു. ഇത് സംബന്ധിച്ച് ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നൽകിയിരുന്നു. സത്യത്തിൽ സൈബർ കുറ്റകൃത്യമാണ് സി പി എം നേതാവ് ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറിയ സംഭവമാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പാർട്ടി നടപടിയെടുത്തതെന്നാണ് ഇപ്പോഴുള്ള വിശദീകരണം. ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നതാണ്.
(വാൽ കഷ്ണം : സി പി എം നേതാവ് സൈബർ കുറ്റകൃത്യം ചെയ്‌താൽ പോലും അന്വേഷിച്ച് നടപടി എടുക്കുന്നത് പാർട്ടി. വാദം കേൾക്കുന്ന കോടതിയും, വിധിയും ഒക്കെ സി പി എം തന്നെ. ഇതെന്ത് വെള്ളരിക്ക പട്ടണമാണ്. ഓരോ പാർട്ടിക്കാരനും ഇങ്ങനെ തുടങ്ങിയാൽ പിന്നെ, ഇവിടെ പോലീസും കോടതിയും നിയമ വ്യവസ്ഥയും ഒന്നും വേണ്ടല്ലോ?)